ഇടുക്കി ജില്ലാ വരൾച്ചയുടെ പിടിയിലാണ്. കടുത്ത വേനൽ ചൂട് മൂലം തേനീച്ച കൃഷിക്കാരും ദുരിതത്തിലായി.
ഇന്ധന വില കുതിച്ചുകയറുന്നത് ഇടുക്കിയുടെ സമ്പദ് ഘടനയെ സാരമായി ബാധിച്ചു കഴിഞ്ഞു. വിൽക്കുന്നതിന് കുറഞ്ഞ വിലയും വാങ്ങുന്ന ഏതിനും വിലയുമെന്നദുരിതത്തിന്റെ രുചിയറിഞ്ഞു കർഷകൻ.
മലമുകളിലുള്ള ജലസ്രോതസുകൾ വറ്റിവരണ്ടിരിക്കുന്നു.അരുവികൾ വറ്റി വെള്ളച്ചാട്ടങ്ങൾ ഉണ്ടായിരുന്നുവെന്നതിന് ആ ജലപാതങ്ങളുടെ പാടുകളും പായലുകളും മാത്രമേയുള്ളൂ ഇപ്പോൾ. കാട്ടുതീ മൂലം അന്തരീക്ഷമാകെ മലിനമാണ്.
കൊറോണയിൽ നിന്ന് മോചനം നേടി വരുന്ന ജനങ്ങൾ വരൾച്ചമൂലം നട്ടംതിരിയുകയാണിപ്പോൾ. അതോടൊപ്പം ഭൂമി സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് മൂലം ഒരു കട മുറിയോ തൊഴുത്തോ പോലും പണിയാൻ ആവാത്ത അവസ്ഥയാണിപ്പോൾ. അതാതു വില്ലേജിൽ നിന്നുള്ള നിരാക്ഷേപ പത്രമുണ്ടെങ്കിലേ ഏതുതരത്തിലുന്ന നിർമാണവും സാധ്യമാകുവെന്നത് ജനങ്ങളെ കഷ്ടത്തിലാഴ്ത്തിയിരുന്നു. ഈ നിയമംമൂലം ഭൂമിയോയുടെ ക്രിയ വിക്രിയവും ഇപ്പോൾ നടക്കുന്നില്ല.
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നുണ്ട്. കേരള കോൺഗ്രസ് എം പിളർന്നതുമൂലം തൊടുപുഴയിലും ഇടുക്കിയിലും മാണിജോസഫ് വിഭാഗങ്ങൾ തമ്മിൽ പോര് കുറച്ചു കഴിഞ്ഞു.
ഇടതുപക്ഷത്തിന് പിന്തുണ നൽകിയിരുന്ന കർഷക രക്ഷാസമിതി ഇത്തവണ രംഗത്തില്ല. 20 വർഷമായി ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളാണ് ഇടുക്കി നിയമസഭ സീറ്റിൽ ജയിച്ചിട്ടുള്ളത്. ഇത്തവണ കഴിഞ്ഞതവണ ഐക്യജനാധിപത്യമുന്നണി ടിക്കറ്റിൽ മത്സരിച്ച സ്ഥാനാർഥി ഇടതുപക്ഷ സ്ഥാനാർത്ഥിയായി വരുന്നുവെന്ന കൗതുകമുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് ചിലപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായും വന്നേക്കാം.
തൊടുപുഴയിൽ പിജെ ജോസഫിന്റെ വലം കൈയായിരുന്ന കെ. എ.ആന്റണി മാസ്റ്ററായിരിക്കും ഇടതുപക്ഷ സ്ഥാനാർത്ഥി. ജോസഫ് ഗ്രൂപ്പിന്റെ വോട്ടുകളും ഇടതു വോട്ടുകളും കൂട്ടിക്കിഴിച്ച് ജോസഫിനെതിരെ ജയിക്കാമെന്ന് ആന്റണി മാസ്റ്റർ കരുതുന്നുണ്ട് എന്നാൽ മലയാളം അധ്യാപകനായ ആന്റണി മാസ്റ്റർക്ക് ജോസഫിനെതിരെ ജയിക്കുവാൻ ആ ഭാഷ വൈദഗ്ദ്ധ്യം മതിയാകുമോ, എന്തോ!
എം കെ പുരുഷോത്തമൻ ✍️
Comments