Foto

ജർഖണ്ഡിൽ മതം മാറിയെന്ന കുറ്റം ചുമത്തി ഗോത്ര വർഗ കുടുംബങ്ങൾക്ക് ചൂരലടി

 ബാബു കദളിക്കാട്

ഗ്രാമ കോടതി വിധിച്ച ശിക്ഷ ചൂരലടിക്കു പുറമേ പിഴയും നാട്ടിൽ നിന്നു പുറത്താക്കലും. സ്വന്ത ഇഷ്ട പ്രകാരം ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്ത മൂന്ന് ഗോത്ര വർഗ കുടുംബങ്ങൾക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ജർഖണ്ഡിലെ ഒരു ഗ്രാമ കോടതി ചൂരലടിയും പിഴയും ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഗ്രാമത്തിൽ നിന്ന് ഇവരെ പുറത്താക്കാനും തീട്ടൂരം പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

 

ഗർവ ജില്ലയിലെ ദുർകി വനപ്രദേശത്തെ ഖാല ഗ്രാമത്തിൽ ജനുവരി 22 ന് ക്രിസ്തുമതം സ്വീകരിച്ച മൂന്ന് കോർവ ഗോത്ര കുടുംബങ്ങൾക്കാണ് കിരാതമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നതത്രേ. അതേസമയം, കത്തോലിക്കാ സഭയിലേക്കോ ഇതര പ്രമുഖ ക്രൈസ്തവ വിഭാഗങ്ങളിലേക്കോ പരിവർത്തനം നടന്നിട്ടില്ലെന്നാണ് മാധ്യമങ്ങൾ നൽകുന്ന സൂചന. ഏതെങ്കിലും 'സെക്റ്റുക'ളുമായി ഈ ഗോത്ര വർഗ കുടുംബങ്ങൾക്കുള്ള ബന്ധം ഗ്രാമ കോടതിയിലെത്തിച്ചതാകാമെന്നും പറയപ്പെടുന്നു.

 

'ഈ പ്രദേശത്ത് മതപരിവർത്തനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുറച്ച് ചെറിയ 'സെക്റ്റു'കൾ അവിടെ സജീവമാണ്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. ഇവയുടെ പ്രവർത്തനം വിവിധ മതങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ നൽകുമെന്നതിനാൽ ഇത് സമഗ്രമായി പരിശോധിക്കണം, '- ഗർവയിലെ സെന്റ് പോൾസ് കത്തോലിക്കാ ഇടവക വികാരി ഫാ. അഗസ്റ്റിൻ സെസ് പറഞ്ഞു.'കത്തോലിക്കാ സഭ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.'

 

നാമമാത്രമായുള്ള മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളും സാർന ഗോത്ര മത അനുയായികളും പരസ്പര ബഹുമാനത്തോടെ സമാധാനപരമായി കഴിയുന്ന മേഖലയാണിതെന്നും ഗോത്ര വർഗക്കാരനായ ഫാ. അഗസ്റ്റിൻ സെസ് ചൂണ്ടിക്കാട്ടി. 'മതപരിവർത്തന വാർത്ത പുറത്തുവന്നതിനുശേഷം, പ്രദേശത്തെ ഞങ്ങളുടെ ജനങ്ങളെ ബന്ധപ്പെട്ട് ഇതു സംബന്ധിച്ച യഥാർത്ഥ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രാദേശിക ഹിന്ദി പത്രത്തിലൂടെ മാത്രമാണ് ഞങ്ങൾ സംഭവത്തെക്കുറിച്ച് അറിഞ്ഞത്; പ്രാദേശിക ഭരണകൂടത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.-മുൻ ബിഷപ് റിട്ടയർ ചെയ്ത ശേഷം ഡാൽട്ടോങ്കഞ്ച് രൂപതയിലെ ഇടയവേല ഏകോപിപ്പിക്കുന്ന ഫാ. ഫാബിയാനസ് സിന്ധുരിയ അറിയിച്ചു. 'ഈ പ്രദേശത്ത് മതപരിവർത്തന സംഭവങ്ങൾ നടക്കുന്നതായി ഹിന്ദു ദേശീയവാദ പാർട്ടിയിൽ നിന്നും വിശ്വ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം എന്നിവയിൽ നിന്നും ഞങ്ങൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്, പക്ഷേ ഇത് ശരിയല്ലെന്ന് എല്ലാവർക്കും അറിയാം.'

 

ഔദ്യോഗികമായി 'പ്രത്യേകിച്ചും ദുർബലരായ ഗോത്രവർഗ്ഗക്കാർ' എന്ന് തരംതിരിക്കപ്പെട്ട വർഗമാണ് കോർവ. കഴിഞ്ഞ ഒരു വർഷത്തിൽ 24 ൽ അധികം കോർവ കുടുംബങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. കോർവ ഭാഷ വംശനാശത്തിന്റെ വക്കിലാണ്. ഗർവ ജില്ലയിൽ 6,000 കോർവ ഗോത്രക്കാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.

 

2017 ൽ ജാർഖണ്ഡിൽ പാസാക്കിയ മത പരിവർത്തന വിരുദ്ധ നിയമം, ബലപ്രയോഗത്തിലൂടെയോ മോഹനത്തിലൂടെയോ മതപരിവർത്തനം നടന്നാൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരെങ്കിലും മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള കാരണങ്ങളും മതപരിവർത്തനം നടക്കുന്ന സ്ഥലവും മുൻകൂട്ടി ഉന്നത ജില്ലാ ഉദ്യോഗസ്ഥനെ അറിയിച്ചിരിക്കണം. അല്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികളെ അഭിമുഖീകരിക്കേണ്ടി വരും.പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഗോത്ര ന്യൂനപക്ഷങ്ങളിലെയും താഴ്ന്ന ജാതിയിലെയും അംഗങ്ങളെയും മത പരിവർത്തനം ചെയ്യാൻ ബലപ്രയോഗം നടത്തിയെന്നതാണു കുറ്റമെങ്കിൽ കൂടുതൽ കഠിനമായ ശിക്ഷകൾ നൽകും.

 

മതപരിവർത്തനത്തിന് ക്രിസ്ത്യാനികൾ ബലപ്രയോഗവും രഹസ്യാത്മക തന്ത്രങ്ങളും പ്രയോഗിക്കുന്നുവെന്നും ഹിന്ദു ദേശീയവാദികൾ ആരോപിക്കാറുണ്ട്.അവർ പലപ്പോഴും ഗ്രാമങ്ങളിലേക്ക് കടന്നുകയറി പുനർ മത പരിവർത്തനം സംഘടിപ്പിക്കാറുമുണ്ട്. ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ ക്രിസ്ത്യാനികൾ നിർബന്ധിതരാകുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. 33 ദശലക്ഷം ജനസംഖ്യയിൽ 1.4 ദശലക്ഷം ക്രിസ്ത്യാനികളേയുള്ളൂ ജാർഖണ്ഡിൽ. അതിൽ ഭൂരിഭാഗവും ഗോത്ര വർഗക്കാരാണ്, ഏറെക്കാലം മുമ്പേ മിഷണറിമാരുടെ പാത പുൽകിയവരുടെ പിൻമുറക്കാർ.

 

Comments

leave a reply

Related News