Foto

ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഫാ. സ്റ്റാന്‍ സ്വാമി

ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന്് 84 കാരന്റെ അപേക്ഷ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏഴു മാസമായി ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമി ബോംബെ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി.  ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന്് ഹര്‍ജിയില്‍ പറയുന്നു. ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റിലായ വരവരറാവുവിന് ആരോഗ്യകാരണങ്ങളാല്‍ ജാമ്യം ലഭിച്ചിരുന്നു. 80 കാരനാണ് തെലുങ്ക് സാഹിത്യകാരന്‍ കൂടിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വരവര റാവു.  

ഫാ. സ്റ്റാന്‍ സ്വാമിക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം  നവി മുംബൈയിലെ തലോജ ജയിലിലാണ് കഴിയുന്നത്. മനുഷ്യത്വ നിഷേധത്തിന്റെ വ്യവസായവത്കരണത്തിന് ഭരണകൂടം നഗ്‌നമായി ഒത്താശ ചെയ്യുന്നതിനു സജീവ രക്തസാക്ഷിത്വം വഹിച്ച് തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി കഴിഞ്ഞ ദിവസം ജയിലില്‍ 84 ാം പിറന്നാള്‍ കൊണ്ടാടി.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാലുള്ള കൈ വിറയല്‍ മൂലം ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നാ വശ്യപ്പെട്ട് ഫാ. സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാതെ കോടതി കേസ് നീട്ടിക്കൊണ്ടുപോയി മനുഷ്യത്വരഹിതമായ സമീപനം ആവര്‍ത്തിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.വൈദികന്റെ അറസ്റ്റിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമായാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റിനെ പൊതുവേ നോക്കി കാണുന്നത്.

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചു.അദ്ദേഹത്തിന്റെ നിരപരാധിത്വം അംഗീകരിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങളിലും ധര്‍ണ്ണ നടന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും അവഗണിച്ചാണ് ജാമ്യാപേക്ഷ മാര്‍ച്ച് 22നു എന്‍.ഐ.എ കോടതി തള്ളിയത്.

ഫാ. സ്റ്റാന്‍ സ്വാമിക്ക് പ്രായാധിക്യത്തിന്റെയും പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെയും ആകുലതകള്‍ മറികടക്കാന്‍ സഹായമേകുന്നത് സഹ തടവുകാരാണ്. 'എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും തലോജ ജയിലില്‍ മനുഷ്യത്വം നുരഞ്ഞു പൊന്തുന്നുണ്ട്'- സഹവാസികളില്‍ നിന്ന് തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന ശുശ്രൂഷകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെ.

റാഞ്ചിയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചുപോന്ന സഹ ജെസ്യൂട്ട് വൈദികനും ഗോത്രാവകാശ പ്രവര്‍ത്തകനും ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ നിന്ന് എഴുതിയ കത്തിന്റെ ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായി.  രണ്ട് തടവുകാര്‍ക്കൊപ്പം താന്‍ ഏകദേശം 13 അടി , 8 അടി സെല്ലിലാണു കഴിയുന്നത്. ഒരു ചെറിയ കുളിമുറിയും ഇന്ത്യന്‍ കമ്മോഡുള്ള ടോയ്ലറ്റും ആണ് ഇവിടെയുള്ളത്. ഭാഗ്യവശാല്‍, തനിക്ക് ഒരു വെസ്റ്റേണ്‍ കമ്മോഡ് കസേര ലഭ്യമാണ്.

വൈകുന്നേരം 5.30 മുതല്‍ 06.00 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 03.00 വരെയും രണ്ട് തടവുകാരുമായി സെല്ലില്‍ തന്നെ പൂട്ടിയിരിക്കുകയാണ്. മാവോയിസ്റ്റ് മുദ്ര കുത്തപ്പെട്ട് തന്നെ അറസ്റ്റിലായിട്ടുള്ള വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ മറ്റൊരു സെല്ലിലാണ്.പകല്‍ സമയത്ത് സെല്ലുകളും ബാരക്കുകളും തുറക്കുമ്പോള്‍ തങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നു.മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയ ഗോണ്‍സാല്‍വസിന് 63 വയസുണ്ട്. കാര്‍ട്ടൂണിസ്റ്റും അഭിഭാഷകനുമാണ് 40 പിന്നിട്ട ഫെരേര. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാന്‍ അരുണ്‍ സഹായിക്കുന്നുണ്ടെന്ന് ഫാ. സ്റ്റാന്‍ സ്വാമി കത്തില്‍ പറഞ്ഞിരുന്നു. കുളിക്കാന്‍ സഹായിക്കുന്നത് വെര്‍നോണ്‍. രണ്ട് തടവുകാര്‍ അത്താഴസമയത്ത്, തന്റെ വസ്ത്രങ്ങള്‍ കഴുകുന്നതിനും, കാല്‍മുട്ടില്‍ മസാജ് ചെയ്യുന്നതിനും സഹായിക്കുന്നു. അവര്‍ വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 'നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഇവിടത്തെ അന്തേവാസികളെയും സഹപ്രവര്‍ത്തകരെയും ഓര്‍മ്മിക്കുക.'-അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിരോധിക്കപ്പെട്ട സി.പി.ഐ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഫാ. സ്റ്റാന്‍ സ്വാമിക്ക് പുറമേ അറസ്റ്റിലായിട്ടുള്ള 16 പേരില്‍ എഴുത്തുകാര്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

1937 ഏപ്രില്‍ 26ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജനിച്ച ഫാ. സ്റ്റാന്‍ സ്വാമി  ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ചതിലൂടെയാണ് കോര്‍പ്പറേറ്റുകളുടെയും  ഭരണകൂടത്തിന്റെയും ശത്രുത പിടിച്ചുപറ്റി ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന കുറ്റം പേറി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്.ഈ ജെസ്യൂട്ട് വൈദികന്‍ താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിന് തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ലെങ്കിലും കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News