Foto

നമ്മുടെ കുട്ടികളെ ആര് രക്ഷിക്കും

 ടോണി ചിറ്റിലപ്പിള്ളി


ഈ വര്‍ഷത്തെ ലോക ലഹരിവിരുദ്ധദിനത്തിന്റെ മുദ്രാവാക്യം''മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക,ജീവന്‍ രക്ഷിക്കുക''എന്നതാണ്.നമ്മുടെ കേരളത്തിലും ലഹരിവിരുദ്ധദിനത്തിന്റെ പ്രസക്തി കൂടി വരികയാണ്.ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം,കോവിഡ് മഹാമാരിക്ക് മുന്‍പ് മയക്കുമരുന്ന് വിഭാഗത്തില്‍ പിടികൂടിയ കുറ്റവാളികളില്‍ 80 ശതമാനവും സ്‌കൂള്‍ കുട്ടികളാണ് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതാണ്.നമ്മുടെ ലോകത്തിലെ മയക്കു മരുന്ന് കടത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ശക്തികളാണ്.ലോകത്ത് പലസ്ഥലത്തും ഭരണകൂടങ്ങളെ  നിയന്ത്രിക്കുന്നത് വരെ മയക്കുമരുന്ന് മാഫിയകളാണ്.സൗത്ത് അമേരിക്കയിലും ബര്‍മ്മയിലും കൊളംബിയയിലെ മറ്റും ഗറില്ലകള്‍ എന്ന പേരില്‍ മയക്കുമരുന്ന് ലോബിക്ക് സ്വതന്ത്രമായ പട്ടാളം തന്നെയുണ്ട്. ഒരു വര്‍ഷം ഏകദേശം 321 ബില്യണ്‍ ഡോളറിന്റെ മയക്കുമരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്.

ലോകത്താകെ 27 കോടി മനുഷ്യര്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തല്‍. 35 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മദ്യം,കഞ്ചാവ്, കറുപ്പ്, ഹെറോയിന്‍ എന്നിവയാണ് ഇന്ത്യയില്‍ ദുരുപയോഗം ചെയ്യുന്ന പ്രധാന മരുന്നുകള്‍. ബ്യൂപ്രീനോര്‍ഫിന്‍, പ്രൊപോക്‌സിഫൈന്‍, ഹെറോയിന്‍ എന്നിവയാണ് സാധാരണയായി കുത്തിവയ്ക്കുന്ന മരുന്നുകള്‍.കേരളത്തില്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള തടവുകാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കേരള ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ തടവുകാരെ മയക്കുമരുന്ന് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

കേരള സംസ്ഥാനത്തെ കൗമാരക്കാരായ ജനസംഖ്യയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും നിരോധിത ലഹരി  വസ്തുക്കളുടെയും വര്‍ദ്ധിത ഉപയോഗം കണ്ടെത്തിയിട്ടുണ്ട്.മയക്കു മരുന്നുകള്‍ അവരുടെ മാനസിക സ്ഥിരതയെ ബാധിക്കുന്നു. 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗം കൂടുതല്‍  ക്രിമിനല്‍ പ്രവണതകളുടെ വികാസത്തിലേക്ക് നയിക്കുന്നു.ഇന്ത്യയിലെ മറ്റു വലിയ നഗരങ്ങളിലെ പോലെ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിയും സല്‍ക്കാരങ്ങളും നമ്മുടെ കേരളത്തിലും വര്‍ധിച്ചുവരികയാണ്.പണക്കൊഴുപ്പിന്റെ അടയാളമായി ലഹരിയേയും കൂട്ടുപിടിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കയാണ്.മയക്കു മരുന്ന് പാര്‍ട്ടികളുടെ സ്വാധീനം കാമ്പസുകളിലേക്കും സ്‌കൂളുകളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു.ഒരു തലമുറയുടെ ഭാവി തന്നെ നശിപ്പിക്കുന്നവിധം മയക്കുമരുന്നും,പുകയിലയും മുതലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യര്‍ത്ഥികളിലും യുവാക്കളിലും വര്‍ധിച്ചുവരികയാണ്.കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്.ലഹരിയുടെ ഉന്മത്തതയില്‍ ഭ്രമിച്ചുപോയ പുതുതലമുറയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെല്ലാം കേരളത്തിലുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും സ്‌കൂള്‍ കുട്ടികളും വേഗംതന്നെ ലഹരി കടത്തുകാരായി മാറുന്നു.മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ കിട്ടുന്നതും മറ്റ് ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതും ഈ കാരിയര്‍ ജോലി ആകര്‍ഷകമാക്കി മാറ്റുന്നു.ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഉയര്‍ന്ന നിലവാരത്തിലെ മയക്കുമരുന്നാണ് എം.ഡി.എം.എ എന്നറിയപ്പെടുന്ന 'മാക്‌സ് ജെല്ലി എക്സ്റ്റസി'.ഈ മാരകമായ മയക്കു മരുന്ന് പോലും കേരളത്തിലുണ്ട്.മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്.ഭൂമിയിലെ ഏറ്റവും മാരകമായ മയക്കുമരുന്ന് മരുന്നുകള്‍ ഹെറോയിന്‍,ഹാലുസിനോജന്‍സ്,പുകയില, സ്ട്രീറ്റ് മെത്തഡോണ്‍, ബാര്‍ബിറ്റിയൂറേറ്റ്‌സ്, മദ്യം, ബെന്‍സോഡിയാസൈപൈന്‍സ്, ആംഫെറ്റാമൈന്‍,ബ്യൂപ്രീനോര്‍ഫിന്‍,ഇന്‍ഹലന്റ്സ്,കഞ്ചാവ് തുടങ്ങിയവയാണ്.ഇതില്‍ പെയിന്റ്, തിന്നര്‍, പെട്രോള്‍, ഡീസല്‍, നെയില്‍പോളീഷ്, ഗ്യാസ്, പശ,എയ്റോസോള്‍ മുതലായവ തുടര്‍ച്ചയായി ശ്വസിച്ച് ല ഹരിക്കടിമപ്പെടുന്നവരാണ് കുട്ടികളും ചെറുപ്പക്കാരും.മാനസികരോഗം മുതല്‍ മരണംവരെയുള്ള ആരോഗ്യ പ്രശ്നങ്ങളുടെ നരകവാതിലുകളാണ് ലഹരി മരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്.

മയക്കുമരുന്നിന് അടിമകളായ നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ ലോകത്തിലുണ്ട്.അവരില്‍ പലരും കൊക്കെയ്ന്‍,മരിജുവാന, ഹെറോയിന്‍,ഹാലുസിനോജനുകള്‍ അല്ലെങ്കില്‍ ബാര്‍ബിറ്റിയൂറേറ്റുകള്‍ പോലുള്ള മയക്കുമരുന്നുകളുമായി കഴിഞ്ഞിരുന്നവരാണ്.ചിലര്‍ അകാലത്തില്‍ പൊലിഞ്ഞു പോയി,ചിലര്‍ പ്രശസ്തിയുടെ ഉച്ചാവസ്ഥയില്‍ മരണമടഞ്ഞു.ബോധോദയം സംഭവിക്കുമ്പോഴേക്കും മയക്കുമരുന്നിന്റെ കരാളഹസ്തത്തില്‍ പിടഞ്ഞ് മരിക്കാനാണ് ഓരോ മയക്കു മരുന്ന് ഉപഭോക്താവിന്റേയും വിധി.കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഇതില്‍ വലിയ റോളുണ്ട്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ പോലും പലപ്പോഴും വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കഴിയാറില്ല.
കേരളത്തില്‍ പത്തുകൊല്ലങ്ങള്‍ക്കകമാണ് കുട്ടികളില്‍ ഇത്രയേറെ ലഹരിയുടെ ഉപയോഗം പടര്‍ന്നുപിടിച്ചത്. അണുകുടുംബ സംവിധാനമാണ്,കേരളീയ സമൂഹത്തില്‍ കുട്ടികളെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നതില്‍ സംശയമില്ല.കുട്ടികളുമായി നന്നായി ഇടപഴകുകയും അവരെ നന്നായി മനസിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുടുംബങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്തരീക്ഷം മാറേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍  ലഹരിവിരുദ്ധ ദിനത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമാക്കണം.
 

Comments

leave a reply

Related News