നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി
ഫാഷൻ രംഗത്തെ ഡിസൈൻ, സാങ്കേതിക വിദ്യ, മാനേജുമെന്റ് എന്നീ മേഖലയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾക്ക് രാജ്യാന്തര നിലവാരമള്ള സ്ഥാപനങ്ങളാണ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്). 1986 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ എജുക്കേഷൻ എന്ന പേരിലാരംഭിച്ച കേന്ദ്രം 2006 ൽ , പാർലിമെന്റിലെ പ്രത്യേക നിയമം വഴി , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്ന പേരിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രസിഡണ്ടാണ് , ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിസിറ്റർ പദവിയിലുള്ളത്.
പ്രവേശനക്രമം
വിവിധ കേന്ദ്രങ്ങൾ
രാജ്യത്തെ
വിവിധ സംസ്ഥാനങ്ങളിലായി 17
കേന്ദ്രങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിക്കുണ്ട്. ഈ 17 കേന്ദ്രങ്ങളിലും ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ് മേഖലകളുമായി ബന്ധപ്പെട്ട ബിരുദ -ബിരുദാനന്തര
കോഴ്സുകളുമുണ്ട്. വിവിധ ക്യാമ്പസുകൾ താഴെ കാണുന്നവയാണ്.
1. കണ്ണൂർ
2. ബെംഗളൂരു
3. ഭോപാൽ
4. ചെന്നൈ
5, ഗാന്ധിനഗർ
6. ഹൈദരാബാദ്
7. കൊൽക്കത്ത,
8. മുംബൈ
9, ന്യൂഡൽഹി
10. പട്ന
11. പഞ്ച്കുല
12. റായ്ബറേലി
13. ഷില്ലോങ്
14. കംഗ്റ
15. ജോദ്പുർ
16. ഭുവനേശ്വർ
17. ശ്രീനഗർ
നിഫ്റ്റ് - കണ്ണൂർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിക്ക് , നമ്മുടെ സംസ്ഥാനത്തെ കണ്ണൂരിലും കാമ്പസുണ്ട്. ബിരുദ -ബിരുദാനന്തര വിഭാഗങ്ങളിലായി 7
പ്രോഗ്രാമുകളാണ്, കണ്ണൂർ കാമ്പസിലുള്ളത്.
ബിരുദ പ്രോഗ്രാമുകൾ
1.ഫാഷൻ ഡിസൈൻ(ബി.ഡിസ്)
2.ടെക്സ്‌റ്റെൽ ഡിസൈൻ(ബി.ഡിസ്)
3.നിറ്റ് വിയർ ഡിസൈൻ(ബി.ഡിസ്)
4.ഫാഷൻ കമ്യൂണിക്കേഷൻ(ബി.ഡിസ്)
5.ബി.എഫ്.ടെക്.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1.എം.ഡിസ്.
2.എം.എഫ്.എം.
സ്റ്റേറ്റ് ഡൊമിസൈൽ സീറ്റുകൾ
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സ്റ്റേറ്റ് ഡൊമിസൈൽ സീറ്റു പരിഗണനയുണ്ട്. കണ്ണൂർ കാമ്പസ് ഉൾപ്പടെ ആറു കേന്ദ്രങ്ങളിലാണ് , സ്റ്റേറ്റ് ഡൊമിസൈൽ വിഭാഗത്തിൽ സൂപ്പർ ന്യൂമററി സീറ്റുകളുള്ളത്. കേരളത്തിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്കാണ് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗ സീറ്റിന് അർഹത. അപേക്ഷ സമർപ്പണ സമയത്ത് തന്നെ ഇക്കാര്യം നിർദ്ദിഷ്ട കോളത്തിൽ സൂചിപ്പിക്കണം. മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളിലേക്കും സ്വാഭാവികമായും ഇവർക്ക് പരിഗണന ലഭിക്കും.
നിഫ്റ്റിലെ വിവിധ കോഴ്സുകളും ചേരാനുള്ള യോഗ്യതയും
1.ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)
ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്‌റ്റെൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം ഉള്ളത്. ഏതു സ്ട്രീമിൽ നിന്നു പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്.നാഷണൽ ഓപ്പൺ സ്കൂളിംഗിൽ പഠിച്ച് പ്ലസ് ടു തല യോഗ്യത (അഞ്ച് വിഷയത്തോടെ) നേടിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
2.ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ)
ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ് ടു/തത്തുല്യ യോഗ്യത
നേടിയവർക്കും നാഷണൽ ഓപ്പൺ സ്കൂളിംഗിൽ പഠിച്ച് പ്ലസ് ടു തല യോഗ്യത (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പടെ കുറഞ്ഞത് അഞ്ച് വിഷയങ്ങൾ) നേടിയവർക്കും മൂന്ന്/നാല് വർഷ എൻജിനിയറിങ് അഥവാ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ) ന് അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായം 2022 ഓഗസ്റ്റ് ഒന്നിന് 24 വയസ്സിൽ താഴെയാകണം. പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.
3.ബിരുദാനന്തര ബിരുദ. പ്രോഗ്രാമുകൾ
പ്രധാനമായും
മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് , രാജ്യത്തെ
വിവിധകേന്ദ്രങ്ങളിലുള്ളത്. ബിരുദാനന്തര ബിരുദ. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പ്രായപരിധിയില്ല.
ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
2022 - 23 അധ്യയന വർഷത്തെ
പ്രവേശനം
2022 - 23 അധ്യയന വർഷത്തെ
പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജനുവരി 17 വരെ
അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിൽ പെടുന്നവർക്ക് 3000 രൂപയും പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങൾക്ക് 1500 രൂപയുമാണ് അപേക്ഷാ ഫീസ്.സാധാരണ ഫീസിനൊപ്പം, 5000 രൂപ അധിക ഫീസ് നൽകി (ലേറ്റ് ഫീസ് ) ജനുവരി 18 മുതൽ ജനുവരി 22 വരെയും അപേക്ഷിക്കാവുന്നതാണ്.ഫെബ്രുവരി ആറിന് നടത്തുന്ന യു.ജി./പി.ജി. പ്രവേശനപരീക്ഷകൾക്ക് കണ്ണൂർ, കൊച്ചി, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
രാജ്യത്തെമ്പാടുമുള്ള 3265 ബി.ഡിസ്. സീറ്റുകളിലേക്കും,608 ബി.എഫ്.ടി.സീറ്റുകളിലേക്കും ,1150 മാസ്റ്റേഴ്സ് സീറ്റുകളിലേക്കുമായി മൊത്തം 5023 സീറ്റുകളിലേക്കാണ് പ്രവേശന സാധ്യത. നിലവിൽ അടിസ്ഥാനയോഗ്യത നേടിയവർക്കും 2021-2022ൽ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം.
എല്ലാ കോഴ്സുകൾക്കും പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷ) ഉണ്ടാകും.പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് , ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. ബി.ഡിസ്. പ്രവേശനത്തിന് ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന പ്രവേശന പരീക്ഷക്കു ശേഷം, ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സിറ്റുവേഷൻ ടെസ്റ്റ് ഉണ്ടാകും. ബി.എഫ്.ടെക്. പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് ഉണ്ടാകും. മാസ്റ്റേഴ്സ് പ്രവേശന പരീക്ഷകളുടെ ഘടന പ്രോസ്പക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഡോ.ഡെയ്സൻ പാണേങ്ങാടൻ
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമാസ് കോളേജ്,
തൃശ്ശൂർ
Comments