Foto

കടുവ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസേർഡ് പ്രോജക്ട്! 

കടുവ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസേർഡ് പ്രോജക്ട്! 

ഒരു നൂറ്റാണ്ടു നീണ്ട കർഷക കുടിയേറ്റ ചരിത്രമാണ് വയനാടിനുള്ളത്. ഏറ്റവും കൂടുതൽ കുടുംബങ്ങൾ വയനാട്ടിലേക്ക് എത്തിച്ചേർന്നത് 40 - 70 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലാണ്. അക്കാലഘട്ടത്തിലുണ്ടായിരുന്ന വനഭൂമിയിൽ കാര്യമായ കുറവ് വയനാടിന്റെ ഒരു ഭാഗങ്ങളിലും ഉണ്ടായിട്ടുള്ളതായി കരുതാനാവില്ല. മാത്രവുമല്ല, ആ കാലങ്ങളിൽ പ്രധാനമായി സംഭവിച്ചത് ജന്മിമാരുടെയും ദേവസ്വത്തിന്റെയും മറ്റും കൈവശമുണ്ടായിരുന്ന ഭൂമി നിയമാനുസൃതം പണം നൽകി എഴുതിവാങ്ങി കുടിയേറി പാർക്കുകയായിരുന്നു. വനപ്രദേശങ്ങളോട് ചേർന്ന് താമസമുറപ്പിച്ചവരും, നിബിഡ വനത്തിൽനിന്ന് അകന്ന് ഭൂമി വാങ്ങി കൃഷി ആരംഭിച്ചവരുമുണ്ട്. ആദ്യകാല കുടിയേറ്റക്കാരിൽ പോലും വനത്തോട് ചേർന്ന് വാസമുറപ്പിച്ചിരുന്നവർ പലരുണ്ട്. അക്കാലഘട്ടങ്ങളിൽ വനത്തെ കുടിയേറ്റ ജനത ഭയപ്പെട്ടിരുന്നില്ല. വനപ്രദേശങ്ങളിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ അവർക്ക് ഭയമുണ്ടായിരുന്നില്ല. നാടൻ തോക്കുകളുമായി വനത്തിൽ കയറി മ്ലാവിനെയും കാട്ടുപോത്തിനേയും വേട്ടയാടുന്നവർ പലരുണ്ടായിരുന്നു. 

കാടിനകത്തോ കാടിന്റെ സമീപപ്രദേശങ്ങളിലോ സ്വൈര്യ വിഹാരം നടത്തിയ ആ കൂട്ടരിൽ ആരെയെങ്കിലും കടുവ അക്രമിച്ചതായോ ആഹാരമാക്കിയതായോ ഉള്ള സംഭവങ്ങൾ ആരുടേയുംതന്നെ ഓർമ്മയിലില്ല. അന്ന് ആ വനങ്ങളിൽ കടുവ ഇല്ലാതിരുന്നതായിരുന്നില്ല കാരണം. കടുവയുടെ പ്രകൃതമനുസരിച്ച് മനുഷ്യൻ ഉൾപ്പെടെയുള്ള "ദുർബ്ബല" ജീവികളെ അക്രമിക്കാറില്ല എന്നുള്ളതായിരുന്നു കാരണം. വേട്ടയാടുന്നതിന്റെയും അധ്വാനത്തിന്റെയും സംതൃപ്തി ലഭിക്കാതെ കടുവകൾ വിശപ്പടക്കാറില്ല. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ യാതൊരു സൂചനയും അവശേഷിപ്പിക്കാതെ മറഞ്ഞു നിൽക്കുകയാണ് കടുവയുടെ ശൈലി. 

എന്നാൽ, ഏതാനും വർഷങ്ങളായി കടുവകളുടെ സ്വഭാവവും രീതികളും മാറിയിരിക്കുന്നു. മനുഷ്യനെ മനുഷ്യനെ കൊന്നു ഭക്ഷിച്ച സംഭവങ്ങൾ ഈ വർഷം തന്നെ പലതായി. ജനവാസമേഖലകളിൽ കടുവകൾ പ്രത്യക്ഷപ്പെടുന്നു, കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങളെ കടുവ പിടികൂടുന്നു, പലപ്പോഴായി കെണിവെച്ചും വെടിവെച്ചും കടുവകളെ പിടികൂടേണ്ട സാഹചര്യം ഉടലെടുക്കുന്നു... ഈ കുറച്ചു വർഷങ്ങൾക്കുള്ളിൽ കടുവകളിൽ ഇപ്രകാരമുള്ള മാറ്റങ്ങൾക്ക് കാരണമെന്താണ് എന്നത് അത്യന്തം ഗൗരവസ്വഭാവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അപകടകരമായ ചില മാറ്റങ്ങൾ കേരളത്തിലെ കടുവകളിലും വനങ്ങളിലും സംഭവിച്ചിരിക്കുന്നു.

സന്തുലിതമല്ലാത്ത വിധം കടുവകളുടെ എണ്ണം വർധിക്കുന്നതാണ് പ്രധാന കാരണം. ലോകത്തിലെ മുഴുവൻ കടുവകളുടെ കണക്കെടുത്താൽ കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കുള്ളിൽ അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. കടുവകൾ ഉള്ള മറ്റു ചില രാജ്യങ്ങളിലെ വനങ്ങളിൽ നാലായിരം ചതുരശ്ര കിലോമീറ്ററിനുള്ളിൽ ഒന്ന് എന്ന വണ്ണം കടുവകളുടെ എണ്ണം അത്രമാത്രം കുറവാണ്. ഇന്ത്യയിലെ മുപ്പത്തൊമ്പത് കടുവ സംരക്ഷണ കേന്ദ്രങ്ങളുടെയും കടുവകളുള്ള മറ്റു വനങ്ങളുടെയും കണക്കിൽ ശരാശരി നൂറ് ചതുരശ്ര കിലോമീറ്ററുകൾക്കുള്ളിൽ ഒന്ന് എന്ന നിലയ്ക്ക് കടുവകളുണ്ട്. 

കടുവകളുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥിതിയെക്കുറിച്ച് പറഞ്ഞാൽ, മേൽപ്പറഞ്ഞ ശരാശരി വനസ്തൃതി അത്രയും എണ്ണം കടുവകൾക്ക് ആവശ്യമാണ്. എന്നാൽ, 39 കടുവ സങ്കേതങ്ങളിൽ ഇനിയും ഉൾപ്പെടാത്ത വയനാട് വന്യജീവി സങ്കേതത്തിലെ സാഹചര്യമനുസരിച്ച്, കണക്കുകൾ പ്രകാരം, 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖലയിൽ 150 ലേറെ കടുവകൾ ഇപ്പോഴുണ്ട്. ചില അനൗദ്യോഗിക വെളിപ്പെടുത്തലുകൾ പ്രകാരം അത് ഇരുനൂറോളം വരും. അതായത്, കേവലം രണ്ടു ചതുരശ്ര കിലോമീറ്ററാണ് വയനാടൻ കാടുകളിൽ ഒരു കടുവയ്ക്കുള്ളത്. 

രണ്ടു വലിയ ദോഷങ്ങളാണ് ഇതുമൂലം കടുവകൾക്കുണ്ടാകുന്നത്. ഒന്ന് ഇരതേടാനുള്ള വനപ്രദേശം അപര്യാപ്തമായി മാറും. രണ്ട്, ഓരോ കടുവകളും സ്വാഭാവികമായി സൂക്ഷിക്കുന്ന "ടെറിട്ടറി" അനാരോഗ്യകരമാം വിധം ഇടുങ്ങിപ്പോകും. പ്രായം കൂടുകയോ ആരോഗ്യം കുറയുകയോ ചെയ്യുന്നതിനനുസരിച്ച് ഇരതേടലും ടെറിട്ടറി പരിപാലിക്കലും കൂടുതൽ ദുഷ്കരമാവുകയും ആരോഗ്യവാന്മാരായ കടുവകളിൽനിന്നുള്ള ഭീഷണി നിമിത്തം അത്തരം കടുവകൾ വനാതിർത്തികളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്യും.  

ഒരു കടുവ സ്വന്തമായി സൂക്ഷിക്കുന്ന ടെറിട്ടറിയിൽ മറ്റു കടുവകൾ പ്രവേശിക്കില്ല എന്നതിനാൽ കടുവകൾക്ക് ചുറ്റി സഞ്ചരിക്കാനുള്ള ഇടം കുറയുന്നതും മറ്റൊരു പ്രതിസന്ധിയാണ്. മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ ആക്രമിക്കാൻ ഉദ്ദേശ്യമില്ലാത്ത കടുവകൾ പോലും രാത്രികാലങ്ങളിൽ വനം വിട്ട് മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന്റെ സൂചനകൾ പലതുണ്ട്. അത്തരത്തിലും വനങ്ങളിൽനിന്ന് കിലോമീറ്ററുകൾ അകന്നുള്ള ഭൂപ്രദേശങ്ങളും വന്യജീവികളുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നുണ്ട്. ഇതുവരെയുണ്ടായിട്ടുള്ളതിനേക്കാൾ കൂടുതൽ ആശങ്കാജനകമായ സാഹചര്യങ്ങൾ വരുംകാലങ്ങളിൽ വയനാടൻ ജനത നേരിടേണ്ടി വരും എന്നുള്ളതിൽ തർക്കമില്ല. 

ഇവിടെ ഉചിതമായ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ്. വലിയ സാമ്പത്തിക നേട്ടങ്ങളുള്ള ചില അന്തർദേശീയ കരാറുകളാണ് കടുവാ സംരക്ഷണ പദ്ധതികൾക്ക് പിന്നിൽ. കടുവകളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ സുരക്ഷയ്ക്ക് അത് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യം തികച്ചും ദൗർഭാഗ്യകരമാണ്. ഇത്തരമൊരു സാഹചര്യത്തിലേക്ക് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുന്ന നീക്കങ്ങൾക്ക് മറ്റൊരു രാജ്യങ്ങളും മുൻകയ്യെടുക്കില്ല എന്നതിൽ സംശയമില്ല. വനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലും മനുഷ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലും വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം ഉടലെടുക്കുന്നപക്ഷം അവയെ നിയന്ത്രിച്ചുനിർത്താനുള്ള അടിസ്ഥാന ഉത്തരവാദിത്തമാണ് "ജനപ്രതിനിധികൾ നേതൃത്വം നൽകുന്ന" സർക്കാരിനുള്ളത്. ഇക്കാര്യത്തിൽ നിക്ഷിപ്ത താൽപ്പര്യങ്ങൾ കൈവിട്ട് വിദേശരാജ്യങ്ങളുടെ നയങ്ങൾ മാതൃകയാക്കാൻ സർക്കാരുകൾ തയ്യാറാകണം.


വിനോദ് നെല്ലിക്കൽ
 

Comments

leave a reply

Related News