Foto

ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസ് എന്ന സന്യാസിനീ സമൂഹത്തെ ഇന്ത്യയിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ച സമർപ്പിതയാണ് സിസ്റ്റർ സെൽസ ബൊനാറ്റോ

✍️സിസ്റ്റർ അനില കൊമ്പുതൂക്കിൽ

ഒരു സ്‌നേഹദീപത്തിന്റെ ഓർമ്മപ്രഭയിൽ...

രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരിൽവച്ച് ദിവംഗതയായ സിസ്റ്റർ സെൽസ ബൊനാറ്റോയെക്കുറിച്ച് ...

            ഇറ്റലിയിൽ നിന്ന്, യേശുനാഥന്റെ സ്‌നേഹവും കരുണയും പകരാൻ 43 വർഷം മുമ്പ് ഇന്ത്യയിലെത്തിയ സിസ്റ്റർ സെൽസ ബൊനാറ്റോ 2020 ഡിസംബർ 31-ന് ദിവംഗതയായി. ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസ് എന്ന സന്യാസിനീ സമൂഹത്തെ ഇന്ത്യയിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ച സമർപ്പിതയാണ് ഇതോടെ ഓർമ്മയായത്.

            1926-ൽ ഇറ്റലിയിലെ വെനീസയിലാണ് സിസ്റ്റർ സെൽസ ജനിച്ചത്. നാല് മക്കളിൽ രണ്ടാമതായിരുന്നു സിസ്റ്റർ. ലൂസിയ എന്നായിരുന്നു ജ്ഞാനസ്‌നാനപ്പേര്. കുഞ്ഞുന്നാളിൽ തന്നെ പിതാവ് മരിച്ചു. അതോടൊപ്പം കുടുംബഭാരം അമ്മയോടൊപ്പം ചുമലിലേറ്റി ആ കുരുന്ന്‌പെൺകുട്ടി. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ മുപ്പത്തിമൂന്നാം വയസ്സിൽ അവൾ കർത്താവിന്റെ മണവാട്ടിയാകാൻ തീരുമാനിച്ചു. അങ്ങനെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19-ന് അവൾ ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസിന്റെ സന്യാസസമൂഹത്തിൽ ചേർന്ന് പ്രഥമവ്രതവാഗ്ദാനം നടത്തി. 1962-ൽ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ തന്നെ നിത്യവ്രതവാഗ്ദാനവും നടത്തി. ഇപ്പോൾ സിസ്റ്റർ സെൽസ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണവേളയിൽ കർത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെട്ടത് ആകസ്മികമായിരിക്കില്ല; അതൊരു ദൈവനിയോഗമായിരിക്കാം.

            ഇറ്റലിയിൽ നവസന്യാസിനിമാരുടെ പരിശീലനത്തിനായി സിസ്റ്റർ സെൽസ നിയോഗിക്കപ്പെട്ടു. അങ്ങനെ മദർ ജനറൽ മോസ്റ്റ് റവ. ജോസഫീന കാൽവി സിസ്റ്ററിലുള്ള മിഷ്യൻ ചൈതന്യം തിരിച്ചറിഞ്ഞ്, സിസ്റ്ററിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. പരിശുദ്ധാത്മ നിവേശിതമായിരുന്നു ആ തീരുമാനം. 1977 ഫെബ്രുവരി 2-ന് സിസ്റ്റർ സെൽസ കേരളത്തിലെ മാനന്തവാടിയിലെത്തി. 15 സന്യാസാർത്ഥികളുമായി സിസ്റ്റർ സെൽസ ഇന്ത്യയിലെ തന്റെ പ്രഥമ നൊവിഷ്യേറ്റ് ഹൗസ് കുറ്റിയാംവയലിൽ തുറന്നു. നോവിസ് മിസ്ട്രസായി 36 വർഷം സിസ്റ്റർ സെൽസ സേവനം ചെയ്തു.

            കരുണയുടെ കൈവഴികൾ തീർത്ത് താൻ ജീവിച്ച സമൂഹത്തോടൊപ്പമായിരിക്കാൻ സിസ്റ്റർ സെൽസ പ്രകടിപ്പിച്ച സ്‌നേഹതീക്ഷ്ണത, ആ സമർപ്പിതയിൽ നിന്ന് പരീശീലനം നേടിയ എല്ലാ സിസ്റ്റേഴ്‌സിനും ലഭിച്ചിട്ടുണ്ട്. രോഗീപരിചരണമാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് കാമിലസിന്റെ മുഖമുദ്ര. ഇന്ന് പതിനെട്ടോളം രാജ്യങ്ങളിൽ രോഗികളുടെ മധ്യസ്ഥനായ സെന്റ് കാമിലസിന്റെ പുണ്യപാത അനുഗമിക്കുന്നവർ ശുശ്രൂഷാലയങ്ങൾ നടത്തുന്നു. ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ ഡോട്ടേഴ്‌സ് ഓഫ് കാമിലസിന്റെ സ്‌നേഹപ്രവാഹമെത്തിക്കാൻ ഫാ. വെർണർ ചക്കാലക്കൽ സി.എം.ഐ.യും കാരണക്കാരനായിട്ടുണ്ട്.

            2008-ൽ ബാംഗ്ലൂർ ആസ്ഥാനമായി ഒരു പ്രോവിൻസായി രൂപീകൃതമായതു മുതൽ സിസ്റ്റർ സെൽസയായിരുന്നു ഫസ്റ്റ് ഡെലഗേറ്റ്. പിന്നീട് സിസ്റ്റർ ഗ്രേസ് കറുകപ്പിള്ളിലിന് ചുമതലകൾ കൈമാറിയെങ്കിലും കുറെക്കാലം കൂടി സിസ്റ്റർ സെൽസ കൗൺസിലറായി തുടർന്നു.

            95-ാമത്തെ വയസ്സിലാണ് സിസ്റ്റർ സെൽസ ദിവംഗതയായത്. മരിക്കുന്നതിനുമുമ്പുതന്നെ തന്റെ മൃതശരീരം ഇന്ത്യയിൽ തന്നെ സംസ്‌ക്കരിക്കണമെന്ന് അവർ എഴുതിവച്ചിരുന്നു. സമൂഹം തിരസ്‌ക്കരിക്കുന്ന രോഗികളെ പരിചരിക്കുവാൻ നിരവധി ശുശ്രൂഷാലയങ്ങൾ തുടങ്ങാൻ സിസ്റ്റർ സെൽസ പ്രകടിപ്പിച്ച ആത്മധൈര്യം ആ സമർപ്പിതയുടെ അതിതീക്ഷ്ണമായ ദിവ്യകാരുണ്യഭക്തിയിലാണ് അധിഷ്ഠിതമായിട്ടുള്ളത്. കോട്ടയം, മലബാറിലെ ചുങ്കക്കുന്ന്, കർണ്ണാടകയിലെ മംഗലാപുരം തുടങ്ങിയ പലസ്ഥലങ്ങളിലുമുള്ള ആശുപത്രികളും എയ്ഡ്‌സ് ചികിത്സാലയങ്ങളും വൃദ്ധസദനങ്ങളുമെല്ലാം ഈ സന്യാസസമൂഹത്തിന്റെ മാനവീയസ്‌നേഹത്തിന്റെ വിളംബര സ്തൂപങ്ങളാണ്.

            ഇറ്റലിയിൽ നിന്ന്, ഇന്ത്യയിൽ എത്തി നിർധനരും നിരാശ്രയരുമായ രോഗികളെ നെഞ്ചോടു ചേർത്തു പിടിച്ച് സാന്ത്വനിപ്പിച്ച ഒരു തിരുഹൃദയഭക്തയായിരുന്നു സിസ്റ്റർ സെൽസ. പരിശുദ്ധ കന്യകാമരിയത്തിന്റെ വിമലഹൃദയത്തോടും വിശുദ്ധ യൗസേപ്പിതാവിനോടും തീക്ഷ്ണമായ ഭക്തിയുണ്ടായിരുന്നു സിസ്റ്ററിന്. ഒന്നുകിൽ രോഗികളോടൊപ്പം, അല്ലെങ്കിൽ ദേവാലയത്തിലെ ദിവ്യകാരുണ്യ സന്നിധിയിൽ... അതായിരുന്നു സിസ്റ്റർ സെൽസയുടെ അവസാന നാളുകളിലെ ദിനചര്യ.

            ഏതോ വിദൂരരാജ്യത്തുനിന്ന് വന്ന് യേശുസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കെടാവിളക്കുകൾ മനുഷ്യഹൃദയങ്ങളിൽ കൊളുത്തിവച്ച് സിസ്റ്റർ സെൽസ ദൈവസന്നിധിയിലേക്ക് കടന്നുപോയിരിക്കുന്നു. ആ സ്‌നേഹദീപത്തിന്റെ പ്രകാശവീഥിയിൽ സഞ്ചരിക്കാൻ ഇനിയുള്ളനാളുകളിൽ നിരവധി പേരുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.

Comments

  • Sr. Celia.
    13-01-2021 03:30 PM

    Dooper.Congratulations.

  • Fr Emmanuel Mattam mst.
    13-01-2021 03:02 PM

    Useful

leave a reply

Related News