Foto

ഭരണഘടനയില്‍ പതിഞ്ഞ ദാക്ഷായണി വേലായുധന്റെ ഒപ്പ് കേരളം മറന്നിട്ടില്ല

ബാബു കദളിക്കാട്

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന
വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കും


എഴുപത്തിരണ്ടാമത് റിപ്പബ്‌ളിക് ദിനാഘോഷ വേളയില്‍ കേരളം ദാക്ഷായണി വേലായുധനെ ആദരവോടെ സ്മരിക്കുന്നു; ഭരണഘടനാ സമിതിയിലെ ഏക ദലിത് വനിതയും ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളുമായിരുന്ന മുളവുകാടുകാരിയെ.

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന വാര്‍ഷിക അവാര്‍ഡ് നല്‍കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2021ലെ അന്താരാഷ്ട്ര വനിത ദിനത്തില്‍ ഈ പുരസ്‌കാരം നല്‍കും.

പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകള്‍ കളക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാ സെലക്ഷന്‍ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.

അപേക്ഷ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന നാമനിര്‍ദ്ദേശങ്ങള്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മുഖേന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. 14 ജില്ലകളില്‍ നിന്നും ലഭിക്കുന്ന നോമിനേഷനുകള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന ജെന്‍ഡര്‍ അഡൈ്വസറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കും. അര്‍ഹമായ അപേക്ഷകള്‍ ലഭിക്കാത്തപക്ഷം സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നോമിനേഷനുകള്‍ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി ശുപാര്‍ശ ചെയ്യാം.

അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാകണം. ഏറെ ബുദ്ധിമുട്ടി ജിവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജിച്ച വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കും മുന്‍ഗണന നല്‍കും.കേരളത്തില്‍ ജനിച്ച് രാജ്യത്തിനാകമാനം അമൂല്യ സംഭാവനകള്‍ നല്‍കി ചരിത്രത്തിന്റെ ഭാഗമായ വനിതകളുടെ നിരയില്‍ മുന്തിയ സ്ഥാനമുള്ള ദാക്ഷായണി വേലായുധനെ ഏറെ വൈകിയെങ്കിലും സംസ്ഥാനം തിരിച്ചറിഞ്ഞിരിക്കുന്നു അതുല്യമായ ഈ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തിലൂടെ.

ലോകത്തിലെ ഏറ്റവും വിശദവും സങ്കീര്‍ണവുമായ ഭരണഘടനകളില്‍ ഒന്നാണ് ഇന്ത്യയിലേത്. ഭരണഘടനാ സമിതിയിലെ 229 ല്‍ 15 പേര്‍ സ്ത്രീകളായിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനായി നിലകൊണ്ടവര്‍, സ്വാതന്ത്ര്യ സമരപോരാളികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി വിവധ മേഖലകളില്‍ വിദേശ ഭരണ കാലത്തു തിളങ്ങിയവര്‍.സ്വതന്ത്ര ഇന്ത്യയ്ക്ക് മാര്‍ഗദര്‍ശനമാവേണ്ട തത്വങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു കാലത്തിനു മുമ്പേ സഞ്ചരിച്ച അവര്‍.

ഹന്‍സ ജീവരാജ് മേത്ത, അമൃത് കൗര്‍, അമ്മു സ്വാമിനാഥന്‍, ബീഗം ഐ റസൂല്‍, ദുര്‍ഗാബായ് ദേശ്മുഖ്, കമല ചൗധരി, ലീല റോയ്, മാലതി ച ൗധരി, പൂര്‍ണിമ ബാനര്‍ജി, രേണുക റോയ്, സരോജിനി നായിഡു തുടങ്ങിയവരും ദാക്ഷായണി വേലായുധനൊപ്പം ഭരണഘടനാ അസംബ്ലിയുടെ ഭാഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വന്ന അവര്‍ ഇന്ത്യയെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് മല്‍സര ബുദ്ധിയോടെ തന്നെയാണവതരിപ്പിച്ചത്.

'വിവിധ ചരിത്ര സന്ദര്‍ഭങ്ങളും ഇടങ്ങളും സ്വത്വങ്ങളും നിര്‍ണയിച്ച ജീവിതമായിരുന്നു അമ്മയുടേത്'-ദാക്ഷായണിയുടെ മകള്‍ മീര വേലായുധന്റെ വാക്കുകള്‍.ഡല്‍ഹിയില്‍ വിവിധ മേഖലകളില്‍ കര്‍മ്മനിരതയാണു മീര. വിനയവും ഗൗരവവും ഒരേസമയം പ്രകടമാകുന്ന ഒരല്‍പം കുനിഞ്ഞ നടത്തമായിരുന്നു അമ്മയുടെതെന്നു മീര ഓര്‍ക്കുന്നു. ചെറുപ്പം മുതലേ അല്പം കുനിഞ്ഞു നടക്കാന്‍ തന്റെ സമുദായത്തിലെ സ്ത്രീകളെ പഠിപ്പിച്ചിരുന്നതിനാല്‍ ആകാമെന്ന നിരീക്ഷണവും മീരയുടേതായുണ്ട്്.  അഞ്ചടി മാത്രമായിരുന്നു ഉയരമെങ്കിലും അവര്‍, ഒരു പ്രതിസന്ധിക്ക് മുന്നിലും തലകുനിച്ചില്ല.

കൊച്ചി നഗരത്തിനു ചുറ്റുമുള്ള ദ്വീപുകളില്‍ ഒന്നായ മുളവുകാട് 1912ല്‍ കഠിനമായ ജാതിവ്യവസ്ഥയുടെ പാരമ്യത്തിലാണ് ദാക്ഷായണി ജനിച്ചത്.
തീര്‍ത്തും അധഃകൃതരായിരുന്ന പ്രധാനമായും കര്‍ഷകതൊഴിലാളികളായിരുന്ന പുലയ സമുദായത്തില്‍. പൊതുവഴിയില്‍ നടക്കാനും പൊതു ജലാശയങ്ങളില്‍ നിന്നും വെള്ളമെടുക്കാനും ദലിതര്‍ക്ക് അവകാശമില്ലായിരുന്നു. ശരീരത്തിന്റെ മുകള്‍ഭാഗം മറയ്ക്കാനും ദലിത് സ്ത്രീകള്‍ക്ക് ആവുമായിരുന്നില്ല. പക്ഷേ, ദാക്ഷായണി ജനിച്ചപ്പോഴേക്കും അയ്യന്‍കാളിയെപ്പോലുള്ളവരുടെ നതൃത്വത്തില്‍ ജാതിക്കെതിരായ സമരങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.

ആത്മകഥയില്‍ 'ഒരു ദരിദ്ര പുലയ കുടുംബത്തിലായിരുന്നില്ല ജനനം' എന്നും അഞ്ചു മക്കളില്‍ ഒരുവളായി ജനിച്ച താന്‍ അച്ഛന്റെ വാത്സല്യം ലഭിച്ചു വളര്‍ന്നയാള്‍ ആണെന്നും ദാക്ഷായണി തന്റെ ബാല്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേല്‍ക്കുപ്പായം ധരിച്ച ആദ്യ ദലിത് പെണ്‍കുട്ടിയായും ബിരുദധാരിണിയായ ആദ്യ ദലിത് സ്ത്രീയായും പിന്നീട് അറിയപ്പെട്ട അവരുടെ ജീവിതം ചെറുപ്രായത്തിലേ അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങളില്‍ നിന്നും മാറാന്‍ തുടങ്ങിയിരുന്നു. പുലയര്‍ക്കായി മാറ്റിവെച്ചിരുന്ന 'അഴകി, ചക്കി, പൂമാല, കാളി, കുറുമ്പ, താറ, കിളിപ്പാക്ക എന്നീ പേരുകള്‍ ഒന്നും തന്നെ ഇടാതെ, ദക്ഷന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ പാര്‍വതിയുടെ പര്യായമായ ദാക്ഷായണി എന്ന പേര് തങ്ങളുടെ മകള്‍ക്ക് ആ അച്ഛനമ്മമാര്‍ നല്‍കിയത് തന്നെ ഇത്തരത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നു. 'ജാതിതിരിച്ച് പേരിട്ടിരുന്ന അക്കാലത്ത് ഈഴവരുടെ പേരാണല്ലോ നിനക്ക് എന്ന് അമ്മയുടെ കൂട്ടുകാരികള്‍ കളിയാക്കുമായിരുന്നെ'ന്നു മീര പറയുന്നു.

ഉച്ചനീചത്വവും അവഹേളനവും നേരിട്ടു തന്നെയാണ് ദാക്ഷായണി ബിരുദത്തിനു പഠിച്ചത്.  ശാസ്ത്ര വിഭാഗത്തിലെ ഏക വിദ്യാര്‍ഥിനി ആയിരുന്ന ദാക്ഷായണിക്ക് പരീക്ഷണങ്ങള്‍ കാണിച്ചുകൊടുക്കാന്‍ ഉയര്‍ന്ന ജാതിയില്‍ നിന്ന് വന്ന അദ്ധ്യാപകന്‍ വിസമ്മതിച്ചു. 1935ല്‍ ബിരുദം നേടിയ അവര്‍ എല്ലാം ദൂരെ മാറി നിന്ന് നിരീക്ഷിച്ചാണ് പഠിച്ചത്. ഈ മനസ്സുറപ്പും നിശ്ചയദാര്‍ഢ്യവും ജീവിതത്തില്‍ ഉടനീളം സൂക്ഷിച്ചു അവര്‍.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നിരുന്ന ദാക്ഷായണി തൊട്ടുകൂടായ്മ നിലനില്‍ക്കുന്നേടത്തോളം ഗാന്ധിജി പ്രചരിപ്പിച്ച 'ഹരിജന്‍' എന്ന വാക്കിന്  യാതൊരു സാംഗത്യവും ഉണ്ടാവില്ലെന്ന് വിശ്വസിച്ചു. ദലിതര്‍ ഇന്ത്യയിലെ ന്യൂനപക്ഷമല്ലെന്നും മുഴുവന്‍ അവകാശങ്ങളോടെ, ഇന്ത്യക്കാരായി തന്നെ ദലിതര്‍ ഇവിടെ ജീവിക്കുമെന്നും അവര്‍ ശക്തിയുക്തം വാദിച്ചു. തന്റെ സമുദായത്തിനായുള്ള സമരങ്ങളെ തന്റെ ലിംഗപദവിക്ക് മുകളിലായി കണ്ടിരുന്നു എന്നതിന് അവരുടെ ഭരണഘടനാ സമിതി പ്രസംഗങ്ങള്‍ തന്നെ തെളിവാണ്.

ഒരു പുലയ സ്ത്രീ ആയല്ല 'നാളത്തെ ഇന്ത്യയില്‍ ജാതി-മത-സമുദായ ഉച്ച-നീചത്വങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നാഗ്രഹിക്കുന്ന' ഒരാളായാണ്  ദാക്ഷായണി പ്രസംഗിച്ചത്. തൊട്ടുകൂടായ്മ നിരോധിക്കുന്ന ഭരണഘടനയിലെ 17ആം ആര്‍ട്ടിക്കിളിന്റെ പ്രാധാന്യം എന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നായിരുന്നു സമിതിയില്‍ മറ്റംഗങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സരോജിനി നായിഡുവിനെയും വിജയലക്ഷ്മി പണ്ഡിറ്റിനേയും പോലെയുള്ള അങ്ങേയേറ്റം പ്രബലരായ സ്ത്രീകളുടെ ഇടയില്‍ ദാക്ഷായണിക്കും വാചാലയാവേണ്ടിയിരുന്നു.സ്ത്രീ ആയതിനാല്‍ മാത്രം കൂടുതല്‍ സമയം സംസാരിക്കാന്‍ പലപ്പോഴും ചെയറില്‍ നിന്ന് അവസരം ലഭിക്കുകയും ചെയ്തു.

തൃശൂരിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന കാലത്ത് തന്റെ നേരേ വരികയായിരുന്ന നായര്‍ സ്ത്രീ ദാക്ഷായണിയോട് വഴി മാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പാടവരമ്പില്‍ നിന്നിരുന്ന അവര്‍ അതിനു വിസമ്മതിച്ചു. 'എന്നെ കടന്നു പോകണമെങ്കില്‍ പാടത്തിറങ്ങി തന്നെ പൊയ്‌ക്കൊള്ളു എന്ന് ഞാന്‍ അവരുടെ മുഖത്ത് നോക്കി പറഞ്ഞു'. വരമ്പില്‍ നിന്നും നാലഞ്ചടി താഴ്ച ഉണ്ടായിരുന്ന പാടത്തിറങ്ങി നടക്കാന്‍ ആ സ്ത്രീ നിര്‍ബന്ധിതയായെന്നും അത്മകഥയില്‍ അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.'ഭരണഘടന മാത്രമല്ല ഈ സമിതി നിര്‍മ്മിക്കുന്നത്, ജനങ്ങളുടെ ജീവിതത്തിനുള്ള ഒരു മാര്‍ഗരേഖ കൂടിയാണത്' എന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.1942ല്‍ കൊച്ചി നിയമനിര്‍മാണ കൗണ്‍സിലിലേക്കും 1946ല്‍ ഭരണഘടനാ നിര്‍മാണ സമിതിയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട ദാക്ഷായണി വേലായുധന്‍ അക്കൂട്ടത്തിലെല്ലാം ഏക ദലിത് സ്ത്രീയായിരുന്നു.  

തന്റെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളിലും വ്യക്തിപരമായ ജീവിതത്തിലും അവര്‍ പുലര്‍ത്തിയ സ്വതന്ത്ര ചിന്തയും അഭിപ്രായങ്ങളും സവിശേഷമാണ്. തന്റെ അമ്മയും മൂത്ത സഹോദരങ്ങളും ക്രിസ്ത്യാനിയായി മതപരിവര്‍ത്തനം ചെയ്‌തെങ്കിലും അവര്‍ ആ വഴി തെരഞ്ഞെടുത്തില്ല.മഹാത്മാ ഗാന്ധിയും ഭാര്യ കസ്തൂര്‍ബയും പങ്കെടുത്ത ചടങ്ങില്‍ ഒരു കുഷ്ഠരോഗിയുടെ കാര്‍മികത്വത്തിലാണ് 1940ല്‍ ദാക്ഷായണി ദലിത് നേതാവായ രാമന്‍ കേളന്‍ വേലായുധനെ വിവാഹം ചെയ്തത്.

ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെ പറ്റി മീര വേലായുധന്‍ ഇങ്ങനെ ഓര്‍ക്കുന്നു-'എന്റെ കുടുംബത്തെക്കുറിച്ചു ഞാനെന്നും അഭിമാനിച്ചു. എന്റെ കഴിവുകളിലും. ഒരിക്കലും എനിക്ക് മര്‍ദ്ദിത വിഭാഗത്തില്‍ നിന്നും വരുന്നവളായി തോന്നിയില്ല. എനിക്ക് ഒമ്പതാം വയസ്സില്‍ ആദ്യമായി മാസമുറ വന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ ചിത്രം വരച്ചു കാണിച്ചു തരികയും അച്ഛനെ വിട്ട് സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ സാനിറ്ററി പാഡുകള്‍ വാങ്ങിപ്പിക്കുകയും ചെയ്തു അമ്മ'.

എസ് എസ് എല്‍സിയുടെ പൂര്‍വരൂപമായ ഇ എസ് എല്‍സി പാസായ ആദ്യത്തെ കേരള ദലിത് പെണ്‍കുട്ടിയായിരുന്നു ദാക്ഷായണി. ബിരുദധാരിയായ ആദ്യത്തെ ഇന്ത്യന്‍ ദലിത് വനിതയും. മുളവുകാട് സെന്റ് മേരീസ് സ്‌കൂളിലും ചാത്യത്ത് എംഎല്‍സി സ്‌കൂളിലുമായിരുന്നു അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം നേടി. രസതന്ത്ര ബിരുദ കോഴ്‌സിന് മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍, എന്റോള്‍ ചെയ്ത ഏക വനിതാ വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. മദ്രാസില്‍ നിന്ന് അദ്ധ്യാപനത്തില്‍ പരിശീലനം നേടി. 1945 ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലും 1946 ല്‍ ഭരണഘടനാ അസംബ്ലിയിലും അംഗമായി.

കക്ഷിരാഷ്ട്രീയത്തില്‍ ദാക്ഷായണി സജീവമായി ഇടപെട്ടില്ല. ഡല്‍ഹി മുനിര്‍കയിലെ ചേരികളില്‍ തൂപ്പുകാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആയിരുന്നു അവര്‍ക്ക് കൂടുതല്‍ താല്പര്യം. ഡല്‍ഹിയില്‍ ദലിത് സ്ത്രീകളുടെ, മുഖ്യമായും അംബേദ്കര്‍-അനുയായികളുടെ ഒരു ദേശീയ സമ്മേളനം വിളിച്ച്കൂട്ടിയതിനു ശേഷം ദാക്ഷായണി 1977ല്‍ മഹിളാ ജാഗ്രിതി പരിഷത്ത് എന്ന സംഘടന രൂപീകരിച്ചു.1978 ല്‍ സംഭവബഹുലമായ ആ ജീവിതത്തിനു തിരശ്ശീല വീണു.

Comments

leave a reply

Related News