Foto

കൂടെയായിരിക്കുന്ന നോമ്പ്... നോമ്പുകാല ചിന്തകള്‍( ദിവസം 4 )   

ജോബി ബേബി,

എല്ലാ നോമ്പ് കാലത്തും നാം കേട്ട് തഴമ്പിക്കുന്ന ഒരു വാക്കാണ് ഉപവാസം.കൂടെയിരിക്കുക എന്നതാണ് അതിനര്‍ത്ഥമെന്നൊക്കെ എത്രയാവര്‍ത്തി കേട്ടിരിക്കുന്നു.ശരിക്കും ദൈവത്തിന്റെ കൂടെയിരിക്കുക എന്നൊക്കെ നാം ഇങ്ങനെ പറയുമെങ്കിലും മഹാനായ ഏശയ്യാ പ്രവാചകന്‍ അത് തിരുത്തി പറയുന്ന ഒരു ചരിത്രവും തിരുവെഴുത്തില്‍ കാണാം.''എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതമനം ചെയ്യുന്ന ദിവസവും  ഇങ്ങനെയുള്ളതോ എന്നിങ്ങനെ'' ദൈവം ചോദിച്ചു തുടങ്ങുകയാണ് അയാളിലൂടെ.''തലയെ വേഴത്തെപ്പോലെ കൂനിയിക്കുക,രട്ടും വെണ്ണീറും വിരിച്ചു കിടക്കുക,ഇതാകുന്നുവോ ഉപവാസം ഇതിനോ നീ നോമ്പെന്നും യഹോവയ്ക്ക് പ്രസാദമുള്ള ദിവസമെന്നും പേരുപറയുന്നത്.അന്യായ ബന്ധനകളെ അഴിക്കുക,നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക,പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,എല്ലാ നുകത്തെയും തകര്‍ക്കുക ഇതല്ലയോ എനിക്കിഷ്ടമുള്ള ഉപവാസം''.വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും,അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും,നഗ്‌നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും,നിന്റെ മാംസ രക്തങ്ങളായിരിക്കുന്നവര്‍ക്ക് നിന്നെ തന്നെ മറയ്ക്കാതിരിക്കുന്നതുമല്ലയോ ശരിക്കും പ്രിയമുള്ളവരെ മനുഷ്യരോടൊപ്പമിരിക്കുന്നതിനാണ് ഇവിടെ ഉപവാസം എന്ന് പറയുക.

ഒരു കൂട്ട് ആഗ്രഹിക്കുന്ന,ഒരിത്തിരി ബലം വേണ്ട,ഒരല്പം ആശ്വാസം കൊതിക്കുന്ന,യുദ്ധങ്ങളവസാനിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന സാധുമനുഷ്യരോടൊപ്പമായിരിക്കുന്നതും ഉപവാസമാണ്.സത്യമായി മനുഷ്യരോടൊപ്പമായിരിക്കുന്നത് തന്നെയാണ് പ്രിയമുള്ളവരെ ദൈവത്തോടൊപ്പമുള്ള സഹവാസവും.അപ്പോള്‍ നിന്റെ വെളിച്ചം ഉഷസ്സ് പോലെ പ്രകാശിക്കും,നിന്റെ മുറിവുകള്‍ക്ക് വേഗം പൊറുതി വരും,നിന്റെ പ്രകാശം ഇരുളില്‍ ഉദിക്കും കാരണം നാം അവര്‍ക്ക് ചെയ്യുന്നതെല്ലാം അവന് വേണ്ടി തന്നെയാണെന്ന് പഠിപ്പിച്ചത് ക്രിസ്തു തന്നെയാണ്.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ....  


 

Comments

leave a reply