ജോബി ബേബി,
നോമ്പ് നമസ്‌കാരങ്ങളിലെ പ്രാര്‍ത്ഥനാ വരികള്‍ ഗൗരവപൂര്‍വ്വമായി എടുക്കുന്ന പക്ഷം അത് നമ്മുടെ സാമാന്യ ഹൃദയവിചാരങ്ങളെ നന്നായി ഉലയ്ക്കുമെന്ന് ഉറപ്പാണ്.ആഹാരവും അന്യായവും ഉപേക്ഷിക്കണം നോമ്പില്‍ നോമ്പിത് ശിക്ഷക്കാവതെയിരിപ്പാന്‍ നാവിനെ നിയന്ത്രിച്ചു കൊള്ളേണം ആഹാരത്തോടൊപ്പം നിന്റെ വായ ദുര്‍വചനത്തെ വെടിയണം രാജാവ് കരേറുന്ന വാതിലിലൂടെ അന്യായം കടന്ന് വരരുത് എന്നൊക്കെ പാടാറുണ്ട്. ക്രിസ്തുവിനെ സ്വീകരിക്കുന്ന തിരുശരീരം കൈക്കൊള്ളുന്ന വാതിലാണ് നമ്മുടെ വായും അധരണങ്ങളും എന്നാണ് വിവക്ഷ. ഒരു പ്രാര്‍ത്ഥനയില്‍ പറയുംമ്പോലെ ''ദൈവമേ ഞങ്ങള്‍ ആരേയും നിന്ദിക്കുന്നവരായി തീരരുതേ'' ശരിക്കും ഈ വരികളൊക്കെ നമ്മെ എത്രമേല്‍ ഭാരപ്പെടുത്തും. മൗനത്തിലേക്ക് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കും. ആദിമകാല സന്യാസിമാര്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങിയ നേരം അവര്‍ ലോക ജീവിത സാഹചര്യങ്ങളെ നേരിടാനാകാതെ ഒളിച്ചോടുന്നവരാണ് എന്നൊരു ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വന്തരക്ഷ മാത്രം നോക്കി പ്രാര്‍ത്ഥിക്കുന്നവര്‍ എന്നൊക്കെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്.കോപം,മോഹം ഈ ലോക മഹത്വത്തിന് വേണ്ടിയുള്ള ആഗ്രഹം എന്നിവയ്ക്കുള്ള അവസരം ഒഴിവാക്കാന്‍ അവര്‍ വിജനദേശങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞവര്‍ അവരില്‍ തന്നെയുണ്ട്.യേശുവിനെപ്പോലെ പിശാചിനെ അതിന്റെ മടയില്‍ ചെന്ന് എതിരിടാന്‍ പോയതെന്നും പറയാറുണ്ട്. ഒരു കണക്കിന് നോക്കിയാല്‍ നോമ്പ് കാലത്തെ ഈ മൗന നേരങ്ങളൊക്കെ ശരിക്കും എന്തുമാത്രം നമ്മെ രക്ഷിക്കാറുണ്ട്. കുറഞ്ഞപക്ഷം മറ്റുള്ളവരെപ്പറ്റി അപവാദങ്ങള്‍ പറയുന്നതില്‍നിന്നെങ്കിലും.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments