Foto

മ്യാന്‍മറില്‍ പള്ളിക്കു നേരെ സൈനിക ആക്രമണം: നാലു പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ പള്ളിക്കു നേരെ
 സൈനിക ആക്രമണം:
നാലു പേര്‍ കൊല്ലപ്പെട്ടു


പല വീടുകളിലും ആയുധ പരിശീലനമെന്നും ആഭ്യന്തര
യുദ്ധം ഉണ്ടാകാമെന്നും യു.എന്‍ പ്രത്യേക പ്രതിനിധി


പട്ടാള ഭരണത്തിനെതിരെ ജനരോഷം അലയടിക്കുന്ന മ്യാന്‍മറിലെ കത്തോലിക്കാ പള്ളിക്കു നേരെ സൈന്യം നടത്തിയ പീരങ്കി ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.8 പേര്‍ക്ക് പരിക്കേറ്റതായും പള്ളി ഭാഗികമായി തകര്‍ന്നതായും യുസിഎ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കന്‍ മേഖലയിലെ കയാ സംസ്ഥാന തലസ്ഥാനമായ ലോകാവിനടുത്തുള്ള കായന്തയാറിലെ  സേക്രഡ് ഹാര്‍ട്ട് ഇടവക പള്ളിലില്‍ പട്ടാളത്തെ ഭയന്ന് അഭയം പ്രാപിച്ച സാധാരണ പൗരന്മാരാണ് ആക്രമിക്കപ്പെട്ടത്.

സൈന്യം ഉടന്‍ തന്നെ മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി ന്യൂസ് ഏജന്‍സി അറിയിച്ചു. പള്ളിയുടെ മേല്‍ക്കൂര, സീലിംഗ്, കുരിശ് എന്നിവയ്ക്ക്  കേടുപാടുകള്‍ സംഭവിച്ചു. കരേനി പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് (പിഡിഎഫ്) എന്നറിയപ്പെടുന്ന സൈന്യവും അട്ടിമറി വിരുദ്ധ പ്രതിരോധ ഗ്രൂപ്പും തമ്മില്‍ നടന്ന പോരാട്ടത്തെത്തുടര്‍ന്ന് 60 കുടുംബങ്ങളില്‍ നിന്നായി മുന്നൂറിലധികം ആളുകള്‍ പള്ളി വളപ്പില്‍ അഭയം തേടിയിരുന്നു.
അവര്‍ ഓടി രക്ഷപ്പെട്ടതായി ലോയ്കാവ് രൂപതയുടെ വക്താവ് ഫാ. സോ നെയ്ംഗ് പറഞ്ഞു. പള്ളികളിലും പുരോഹിതരുടെ വസതികളിലും കന്യാസ്ത്രീകളുടെ കോണ്‍വെന്റുകളിലും ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

'സഭ മാനുഷിക സഹായങ്ങളേകാന്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. പക്ഷേ പോരാട്ടങ്ങളുടെ ഫലമായി കുടിയൊഴിയേണ്ടിവരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഞങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്,'- ഫാ. സോ നെയ്ംഗ് യുസിഎ ന്യൂസിനോട് പറഞ്ഞു. പള്ളി ആക്രമണത്തെ അപലപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിനു പേര്‍ ്അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും സൈന്യം പ്രതികരിച്ചിട്ടില്ല.

വലിയ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള കാരെന്‍, കാച്ചിന്‍, ചിന്‍ സംസ്ഥാനങ്ങളില്‍ വംശീയ പോരാളികള്‍ക്കും അട്ടിമറി വിരുദ്ധ പ്രതിരോധ ഗ്രൂപ്പുകള്‍ക്കുമെതിരായ ആക്രമണം സൈന്യം ശക്തമാക്കിയിരിക്കുകയാണ്. യുദ്ധവിമാനങ്ങളും കനത്ത പീരങ്കികളും വിന്യസിച്ചിട്ടുണ്ടിവിടെ. 1.7 ദശലക്ഷം ജനസംഖ്യയുള്ള കാച്ചിന്‍ സംസ്ഥാനത്ത് 116,000 പേര്‍ കത്തോലിക്കരാണ്. കാച്ചിനില്‍ പതിനായിരത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ 42,000 ത്തിലധികം പേര്‍ക്ക് കരേന്‍ സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യേണ്ടിവന്നു. മെയ് 12 മുതല്‍ സംഘര്‍ഷം രൂക്ഷമായ ചിന്‍ സംസ്ഥാനത്തെ മിന്‍ഡാറ്റ് പട്ടണത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ ഓടിപ്പോയതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ പലരും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കുകയും അതിന്റെ നേതാവായ ആങ് സാന്‍ സൂകിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഫെബ്രുവരി 1 ലെ സൈനിക അട്ടിമറി മുതല്‍ മ്യാന്‍മര്‍ പ്രക്ഷുബ്ധമാണ്. അട്ടിമറിക്കെതിരായ സമരങ്ങളും പ്രതിഷേധവും നിസ്സഹകരണ പ്രചാരണവും മൂലം സമ്പദ്വ്യവസ്ഥയാകെ താറുമാറായിട്ടുമുണ്ട്.

2020 ഓഗസ്റ്റിലെ തെരഞ്ഞെടുപ്പില്‍ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേടിയ വന്‍ വിജയം സൈന്യം അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഏതാനും  കുറ്റങ്ങള്‍ സൂകിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. മെയ് 24 വരെ 824 പേരെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി മ്യാന്‍മറിലെ പ്രതിഷേധത്തിന്റെ രേഖകള്‍ സമാഹരിക്കുന്ന എന്‍ജിഒയായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് (ബര്‍മ) സ്ഥിരീകരിച്ചു. അതേസമയം, ഈ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു വഴുതിവീഴുകയാണെന്ന് മ്യാന്‍മറിലെ ഐക്യരാഷ്ട്ര പ്രത്യേക പ്രതിനിധി ക്രിസ്റ്റിന്‍ ഷ്രാനര്‍ ബര്‍ഗെനര്‍ മുന്നറിയിപ്പ് നല്‍കി. സൈന്യത്തിന്റെ അക്രമ നടപടികള്‍ മൂലം നിരാശരായ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ ആയുധ ശേഖരണം നടത്തുന്നതായും പ്രതിരോധത്തില്‍ നിന്ന് ആക്രമണാത്മക നടപടികളിലേക്ക് മാറുകയാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വീട്ടില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വംശീയ സായുധ ഗ്രൂപ്പുകളില്‍ നിന്നുള്ള പരിശീലനം പലരും നേടുന്നതായും വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ യു എന്‍  പ്രതിനിധി  പറഞ്ഞു.

ബുദ്ധമതാനുയായികള്‍ക്കു ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണ്. 54 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 6.2 ശതമാനം. അതേസമയം, പതിറ്റാണ്ടുകളായി സൈന്യത്തിന്റെ അടിച്ചമര്‍ത്തലും പീഡനവും നേരിടുന്ന കാച്ചിന്‍, ചിന്‍, കാരെന്‍, കയാ പ്രദേശങ്ങളില്‍ വലിയതോതില്‍ ക്രിസ്ത്യാനികളുണ്ട്. മ്യാന്‍മറിന്റെ മൂന്നിലൊന്ന് പ്രദേശങ്ങള്‍ - മിക്കവാറും അതിര്‍ത്തി പ്രദേശങ്ങള്‍ - നിലവില്‍ ഇരുപതോളം സായുധ വിമത സംഘടനകളാണ് നിയന്ത്രിക്കുന്നത്. സൈന്യം ഈ ഗ്രൂപ്പുകളുമായി പോരാടുകയാണ്.

ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്‍മര്‍ 1962 മുതല്‍ 2011 വരെ ഒരു അടിച്ചമര്‍ത്തല്‍ സൈനിക ഭരണകൂടത്തിന്റെ ഭരണത്തിന്‍ കീഴില്‍ ദുരിതമനുഭവിച്ചുപോന്നു. ഏകദേശം 5 പതിറ്റാണ്ടിനിടയില്‍ മിക്കവാറും എല്ലാ ജനകീയ വിയോജിപ്പുകളും കടുത്ത മനുഷ്യാവകാശ ലംഘനത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടു.ഇതുമൂലം അന്താരാഷ്ട്ര ഉപരോധവും രാജ്യം നേരിട്ടു. 2010 ലാണ് ക്രമേണ ഉദാരവല്‍ക്കരണം ആരംഭിച്ചത്. 2015 ല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പു നടന്നു.  അടുത്ത വര്‍ഷം സൂകിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമുണ്ടായി. പക്ഷേ, ഫെബ്രുവരി 1 ലെ സൈനിക അട്ടിമറിക്കുശേഷം ജനാധിപത്യ വഴി വീണ്ടും അടഞ്ഞു. മ്യാന്‍മറിന്റെ പുരോഗതിയും പഴങ്കഥയാണിപ്പോള്‍.മ്യാന്‍മര്‍ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ എന്ന ബഹുമതിക്കര്‍ഹനായ ഫ്രാന്‍സിസ് പാപ്പ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവര്‍ത്തിച്ച്  ആവശ്യപ്പെട്ടിരുന്നു. മ്യാന്‍മറിലെ സമാധാനത്തിനായി  പാപ്പ നിരവധി തവണ പ്രാര്‍ത്ഥനാഹ്വാനവും നടത്തി.

പട്ടാളത്തിന്റെ അഴിഞ്ഞാട്ടം മൂലം  രാജ്യത്തെ പലയിടങ്ങളിലും വലിയ വെല്ലുവിളിയാണ് കത്തോലിക്കാ സഭ നേരിടുന്നത്.പട്ടാള അട്ടിമറിക്കിടെ പോലീസിനും പ്രതിഷേധക്കാര്‍ക്കുമിടയില്‍ വെടിവെക്കരുതെന്ന് മുട്ടികുത്തി യാചിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായ സിസ്റ്റര്‍ ആന്‍ റോസ് നു തവങ്‌ന്റെ ചിത്രങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു തന്നെ പ്രേരിപ്പിച്ചതു പരിശുദ്ധാത്മാവാണെന്നും, തനിക്ക് ധൈര്യവും ശക്തിയും നല്‍കിയത് ദിവ്യകാരുണ്യ ഭക്തിയാണെന്നുമാണ് വീഡിയോ കോളിലൂടെ റോമിലെ മാധ്യമപ്രവര്‍ത്തകരോട് സിസ്റ്റര്‍ ആന്‍ റോസ് വെളിപ്പെടുത്തിയത്.

വടക്കന്‍ മ്യാന്‍മറിലെ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. അനുരഞ്ജനത്തിന്റേതായ പ്രവൃത്തിയായും, ശത്രുവിനോടുള്ള ക്ഷമയുടെ സന്ദേശവുമായിട്ടാണ് മുട്ടുകുത്തി നില്‍ക്കുന്നതിനെ താന്‍ കാണുന്നതെന്ന് പറഞ്ഞ സിസ്റ്റര്‍, ഇത് രണ്ടാം തവണയാണ് പോലീസിനു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതെന്നും, മുറിവേറ്റ പ്രതിഷേധക്കാരെ താന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഭീതിയും ബുദ്ധിമുട്ടും നിറഞ്ഞ ആ അവസരത്തില്‍ തന്റെ രാജ്യത്തിന് വേണ്ടി നിലയുറപ്പിക്കുവാന്‍ തനിക്ക് ശക്തിനല്‍കിയത് പ്രാര്‍ത്ഥനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തര്‍ജ്ജമക്കാരായ വൈദികന്റേയും, സെമിനാരി വിദ്യാര്‍ത്ഥിയുടെയും സഹായത്തോടെയാണ് സിസ്റ്റര്‍ റോമിലെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News