Foto

വിളവെടുപ്പുകാലം കർഷകർക്ക് കണ്ണീരിന്റെ കൊയ്ത്തുകാലം

✍️എം.കെ. പുരുഷോത്തമൻ

            ഇടുക്കി:   ഇടുക്കി മിടുമിടുക്കിയാണെന്ന് സിനിമാപ്പാട്ടിലുണ്ട്. ശരിയാണ്. പക്ഷെ, ഇപ്പോൾ കൊറോണക്കാലത്ത് മഴയും മഞ്ഞും മിന്നലുമെല്ലാം ചേർത്തു കാലാവസ്ഥ ഇടുക്കിക്കാരെ കൊഞ്ഞനം കാണിക്കുന്നു. ഇതോടൊപ്പം കൊറോണയുടെ ആക്രോശം കൂടിയാകുമ്പോൾ സ്ഥിതി ഗുരുതരമാകുകയാണ്.

            ഇപ്പോൾ ഇടുക്കിയിൽ വിളവെടുപ്പ് കാലമാണ്. കാപ്പിക്കുരു പറിച്ചെടുത്ത് ഉണക്കണം. കുരുമുളകിന്റെ വിളവെടുപ്പും ഉണക്കലുമെല്ലാം ഈ മാസത്തിൽ തന്നെ. ഒപ്പം കപ്പയെന്നപേരുള്ള മരച്ചീനി ചെത്തിയരിഞ്ഞ് വാട്ടിയെടുത്ത് വെയിലത്ത് ഉണക്കിയാലേ മഴക്കാലത്തെ വറുതി മാറ്റാനാവൂ. ഇപ്പോൾ ഇതൊന്നും നടക്കുന്നില്ല. ഇടുക്കിയിൽ ഇപ്പോൾ രാവിലെ 7 മണിയാകുമ്പോഴാണ് സൂര്യൻ മലകയറി കൂനിക്കൂനിവരുന്നത്. വെയിൽ പരക്കുന്നതിനു മുമ്പുതന്നെ മഞ്ഞിൻപാളികളിലൂടെ ചാറ്റൽ മഴയും ഒളിച്ചുകളിക്കാനെത്തും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇടിമിന്നലും ഇടുക്കിയെ കുലുക്കുന്നു.

മടിശ്ശീല കാലിയാക്കുന്ന മഴയുടെ ചതി

            കാർഷികമേഖലയിൽ നിന്നുള്ള വരുമാനമാണ് ഇടുക്കിയുടെ മടിശ്ശീല നിറയ്ക്കാറുള്ളത്. അതെല്ലാം 'നെറികേട് കാണിക്കുന്ന' കാലാവസ്ഥാ വ്യതിയാനം തട്ടിത്തെറിപ്പിക്കുകയാണ്. കാപ്പിക്കുരു പഴുത്ത് പോകുന്നു. കുരുമുളകും. കുരുമുളക് ചെടിയിൽ നിന്നു പഴുത്താൽ ചെടിക്ക് കേടുവരുമെന്ന് പഴമക്കാർ പറയുന്നു. കപ്പയാണെങ്കിൽ മഴ തുടങ്ങിയാൽ രുചി പോകും. പ്രകൃതിയിലെ ഈ മാറ്റം കോവിഡിനെപ്പോലെ എന്ന് അവസാനിക്കുമെന്ന് ആർക്കുമറിയില്ല.

            കഴിഞ്ഞ ഒരു മാസമായുള്ള ഇടുക്കിയിലെ കോവിഡ് കണക്കും ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. തൊടുപുഴ മുനിസിപ്പാലിറ്റി-622, കട്ടപ്പന-269, നെടുങ്കണ്ടം-340, അടിമാലി-225, വണ്ണപ്പുറം-184, വണ്ടിപ്പെരിയാർ-150, കുമളി-135, കരുണാപുരം-139, ഉപ്പുതറ-116, മൂന്നാർ-115, കരിങ്കുന്നം-112, കാഞ്ചിയൾ-108, കരിമണ്ണൂർ-108, ഇരട്ടയാർ-106, മണക്കാട്-103, ഇടവെട്ടി-102, കുമാരമംഗലം-98, പാമ്പാടും പാറ-98, അറക്കുളം-96, മരിയാപുരം-95, വെള്ളത്തൂവൽ-90, ആലക്കോട്-84, ഏലപ്പാറ-81, കുടയത്തൂർ-78, രാജകുമാരി-76, കൊക്കയാർ-75, പുറപ്പുഴ-74, ജില്ലാ ആസ്ഥാനമായ വാഴത്തോപ്പ്-67, പെരുവന്താനം-66, വെള്ളിയാമറ്റം-60, വാത്തിക്കുടി-58,കഞ്ഞിക്കുഴി-57, രാജാക്കാട്-57, കോടിക്കുളം-54, വണ്ടൻമേട്-52, ബൈസൺവാലി-50 എന്നിങ്ങനെയാണ് വിവിധ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും കണക്ക്.

പനിക്കണക്കും കടുപ്പം

            കാലാവസ്ഥയ്ക്ക് ലക്കും ലഗാനുമില്ലാതായതോടെ പനിയും മറ്റ് ശ്വാസകോശരോഗങ്ങളുമെല്ലാം ഇടുക്കിയിൽ പടരുകയാണ്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായതോടെ ഏതു രോഗം വന്നാലും സ്വകാര്യ ആശുപത്രികളാണ് ജനങ്ങൾക്ക് ആശ്രയം. ഈ ആശുപത്രികളെല്ലാം തന്നെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ രോഗികളെ അഡ്മിറ്റ് ചെയ്യൂ. രോഗിയെ കൂടാതെ കൂട്ടിരിക്കുന്നവർക്കും കോവിഡ്‌ടെസ്റ്റ് നിർബന്ധമാണ്. രോഗിയോടൊപ്പം കൂട്ടിരിക്കുന്നവർ ഡിസ്ചാർജ് വരെ ഒപ്പമിരിക്കേണ്ട അവസ്ഥ. ഇനി കൂട്ടിന് വേറൊരാളെ നിയോഗിക്കാമെന്നു ചിന്തിച്ചാൽ അയാൾക്കും കോവിഡ്‌ടെസ്റ്റ് നടത്തേണ്ടിവരും. ഇടുക്കി മെഡിക്കൽ കോളജാശുപത്രിപോലും കോവിഡ് ചികിത്സാ കേന്ദ്രമാണ്. ഇവിടെ കോവിഡ് ചികിത്സ തേടിയെത്തുന്നവർ കുറവാണ്. സർക്കാർ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും, ഇത്തരം ചികിത്സയ്ക്ക് ഓഡിറ്റോറിയങ്ങളോ താത്ക്കാലിക സംവിധാനങ്ങളോ ഒരുക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വാടാപോടാ വിളി വാഗമൺ റൂട്ടിൽ

            ടുറിസ്റ്റുകളായി കൂടുതലും എത്തുന്നത് മറ്റ് ജില്ലക്കാരാണ്. വിദേശികൾ കുറവ്. ട്രെയിനുകൾ ഓടാത്തതാകാം കാരണം. ബാറുകൾ തുറന്നതോടെ മദ്യപിച്ച് അടുച്ചുപൊളിക്കാൻ എത്തുന്നവർ കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്; മദ്യപിച്ച് വാഹനമോടിക്കുന്നവർ നാട്ടുകാരുമായി എപ്പോഴും കശപിശയാണിവിടെ. ഡിസംബർ 31-നും ജനുവരി-1നും മൂന്നാറിലും മറ്റും ടൂറിസ്റ്റുകൾ കൂടുതലായെത്തിയിരുന്നു.

            കോവിഡ് മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താത്ത സംഭവങ്ങൾ നിരവധി. കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാനാണിത്.

            ഏതായാലും മലയോരങ്ങളുടെ മടിശ്ശീല നിറയ്ക്കാൻ ഈ വിളവെടുപ്പുകാലം ഉതകില്ലെന്ന് തീർച്ചയായിക്കഴിഞ്ഞു.
 

Comments

leave a reply

Related News