Foto

യുക്രൈനെ തലക്കിടിച്ചു വീഴ്‌ത്തി ഇംഗ്ളണ്ട് സെമിയിൽ ചെക്ക് റിപ്പബ്ലിക്ക് തവിടുപൊടി ഡെന്മാർക്കും സെമിയിൽ

യുക്രൈനെ  തലക്കിടിച്ചു വീഴ്‌ത്തി  ഇംഗ്ളണ്ട്  സെമിയിൽ
ചെക്ക്  റിപ്പബ്ലിക്ക്  തവിടുപൊടി  ഡെന്മാർക്കും  സെമിയിൽ

കഴിഞ്ഞ 9 യൂറോ കപ്പുകളിലും വിജയത്തോടെ തുടങ്ങുവാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട്, യൂറോ 2020-ൽ, സ്വന്തം മണ്ണിൽ, ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ, ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരൊറ്റ ഗോളിന് തകർത്തുകൊണ്ടാണ് ഇക്കുറി യൂറോപ്പിലെ ഫുട്‌ബോൾ ആധിപത്യത്തിനായി വലതുകാൽ  വച്ചിറങ്ങിയത്. ഇത്തവണ ഇതുവരെ തങ്ങളുടെ ഗോൾവലയിൽ ഒരൊറ്റ ഗോളും കുടുങ്ങാതെ                       ഹാരി കെയിൻ മുന്നിൽ നിന്നു സമർത്ഥമായി നയിക്കുന്ന ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ യുക്രെയിനെ 4-0 ന് തകർത്തുകൊണ്ട് ബുധനാഴ്ച രാത്രി ഒരെയൊരു വട്ടം ലോകകപ്പിൽ മുത്തമിട്ട മണ്ണിൽ വെംബ്ലി സ്റ്റേഡിയത്തിൽ സെമിഫൈനൽ പോരാട്ടത്തിന് ആധികാരിക വിജയത്തോടെ അർഹത നേടി.
    കോപ്പൻ ഹേഗനിൽ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞു വീണ ആദ്യ മൽസരത്തിൽ, ഫിൻലൻഡിനോട് ഒരൊറ്റ ഗോളിന് തോറ്റ്, കടുത്ത മാനസിക സമർദ്ദത്തിൽ മൈതാനം വിട്ടെങ്കിലും പിന്നീടുള്ള കഠിന പോരാട്ടങ്ങൾ അതിജീവിച്ച് ക്വാർട്ടറിലെത്തിയ ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് മറികടന്നാണ് വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ സെമി ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.
    കൃത്യമായി ഹോം വർക്ക് ചെയ്യുന്ന, തന്റെ തന്ത്രങ്ങൾ മൈതാനത്തിൽ പ്രാവർത്തികമാക്കുവാൻ കളിക്കാരെ സുസജ്ജരാക്കുന്ന ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത് ഗേറ്റിന് ഇതുവരെ തിരിഞ്ഞു    നോക്കേണ്ടി വന്നിട്ടില്ല. കാൽ നൂറ്റാണ്ടിനുശേഷം യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പിന്റെ   സെമി ഫൈനലിലേക്ക് ആദ്യമായാണ് ഇംഗ്ലണ്ടിനെ ഹാരി കെയിൻ മുന്നിൽ നിന്നും നയിച്ചത്.  
വൻകരയിലെ ഫുട്‌ബോൾ ആധിപത്യം മികച്ച ലോക താരങ്ങൾ എന്നുമുണ്ടായിട്ടും ഇംഗ്ലണ്ടിന്    കിട്ടാക്കനിയായിരുന്നു. മൽസരങ്ങൾ ഓരോന്നു കഴിയുമ്പോഴും ഇത്തവണ യൂറോ കപ്പ് ഉയർത്തുവാൻ ഈ ടൂർണമെന്റിലൂടനീളം മികച്ച ഫോമിൽ കളിക്കുന്ന ഫലം കൈവരിക്കുന്ന ഇംഗ്ലണ്ടിന്      കഴിയുമെന്നാണ് ക്വാർട്ടർ ഫൈനലിലെ പ്രകടനം തെളിയിക്കുന്നത്.
    റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ കിക്കോഫിന്, തൊട്ടുപിന്നാലെ നാലാം മിനിറ്റിൽ    റഹിം സ്റ്റെർലിങ്ങിന്റെ അളന്നു മുറിച്ച ബോക്‌സിനുള്ളിലേക്കുള്ള പാസ് കരുത്തുറ്റ ഷോട്ടിലൂടെ  ഹാരി കെയിൻ യൂക്രെയ്‌ന്റെ വല കുലുക്കിയതോടെ പ്രതിരോധത്തിലൂന്നി കളിച്ച ഇംഗ്ലണ്ട് രണ്ടാം    പകുതിക്ക് ഇറങ്ങുമ്പോഴെയ്ക്കും സൗത്ത് ഗേറ്റ് ശൈലി മാറ്റുവാനുള്ള നിർദ്ദേശങ്ങൾ തന്റെ ശിഷ്യർക്ക് നൽകിയിരുന്നു. തുടർച്ചയായ മൂന്നു ഹെഡറുകളോടെ, ഫുട്‌ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ പകർന്നു കൊണ്ടാണ് ഇംഗ്ലീഷ് താരങ്ങൾ മിന്നിത്തിളങ്ങിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ഹാരി കെയിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക്, ലൂക്കാ ഷാ ബോക്‌സിനെ     ലക്ഷ്യമാക്കി ഉയർത്തി അടിച്ചത് ഹാരി മഗ്വയർ ചാടി നല്ലൊരു ഹെഡറിലൂടെ യുക്രെയിന്റെ     വലയിലാക്കി. കേവലം നാലു മിനിറ്റിനുള്ളിൽ തന്നെ ലക്ഷ്യമാക്കി ലൂക്ക് ഷാ നൽകിയ ക്രോഡ്    ഹാരി കെയിൻ അമ്പരിപ്പിക്കുക തന്നെ ചെയ്തു. അധികം വൈകാതെ 63-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് കോർണർ കിക്കിലൂടെ നാലാമത്തെ ഗോൾ. മേസൺ മൗണ്ട് ബോക്‌സിലേക്ക് വളഞ്ഞു വീഴുന്ന    പാകത്തിനടിച്ച കോർണർ കിക്ക് ജോർദാൻ ഹെൻഡേഴ്‌സൺ ഹെഡറിലൂടെ യുക്രെയിന്റെ ഗോൾ വല കുലുക്കിയപ്പോൾ ഇത്തവണ യൂറോ കപ്പിലെ  അജയ്യത ഇംഗ്ലണ്ട് അരക്കിട്ടുറപ്പിക്കുകയായിരുന്നു.
    1992-ൽ ലാൻഡ് ഓൽസന്റെ നായകത്വത്തിൽ ഒരിക്കൽ മാത്രം നേടിയിട്ടുള്ള യൂറോ കപ്പിനായിട്ടുള്ള പോരാട്ടത്തിൽ ആരാധകരെ നിരാശപ്പെടുത്തികൊണ്ട് പ്രീ ക്വാർട്ടറിലേക്കു കടന്നു വന്ന ടീമാണ് ഡെൻമാർക്ക്. ഗ്രൂപ്പ് മൽസരങ്ങളിൽ റഷ്യയ്‌ക്കെതിരെ ഒരൊറ്റവിജയത്തോടെ അവസാന പതിനാറിൽ ഇടം നേടിയ ഡെൻമാർക്ക്  പ്രീ ക്വാർട്ടറിൽ ഗാരത് ബെയിലിന്റെ വെയിൽസിനെ തകർത്താണ് മുന്നേറിയത്. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായിരുന്നു  എന്ന അപകർഷതാബോധമൊന്നുമില്ലാതെ കാസ്പർ   യൂൽ മെൻഡ് പരിശീലിപ്പിക്കുന്ന ഡെൻമാർക്ക് 2-1 നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ സെമി ഫൈനൽ   സ്വപ്നങ്ങൾ തട്ടിത്തെറിപ്പിച്ചത്. തികഞ്ഞ സഹകരണത്തോടെ, പരസ്പര ധാരണയോടെ കളിക്കുന്ന ഡാനീഷ് ടീം ചെക്ക് റിപ്പബ്ലിക്കിനെ തളച്ചിടുക തന്നെ ചെയ്തു. ഇത്തവണ ബോക്‌സിന് പുറത്തു നിന്ന് കൂടുതൽ ഗോളുകൾ നേടിയ ഡെൻമാർക് കളിയുടെ അഞ്ചാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെയാണ് ലീഡ് നേടിയത്. സ്‌ട്രൈക്കർ ലാർസൺ ബോക്‌സിന് നേരെ തൊടുത്ത കിക്ക് തോമസ് ഡിലനി കരുത്തുറ്റ ഒരു ഹെഡറിലൂടെ ഗോൾ കീപ്പർ തോമാഷ് വാസ്‌ലിക്കിന്  തടുക്കുവാൻ കഴിയാതെ താഴേക്ക് കുത്തിക്കയറുകയായിരുന്നു. ഏതു സ്‌ട്രൈക്കറും കൊതിക്കുന്ന മനോഹരമായ ഫിനിഷിങ്ങിലൂടെയാണ് തോമസ് ഡിലനി തനിക്ക് കിട്ടിയ അവസരം ഡെൻമാർക്കിന്റെ രണ്ടാം ഗോളിലെത്തിച്ചത്. അസർബൈജാനിലെ സ്റ്റേഡിയത്തിൽ ആവേശത്തിലാറാടിയ കളി പ്രേമികൾക്ക് ചെക്ക് റിപ്പബ്ലിക്ക് നിഷ്പ്രഭമാകുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. പാട്രിക്ഷിക്കാണ് ചെക്ക് റിപ്പബ്ലിക്കിനുവേണ്ടി ഒരു ഗോൾ  മടക്കിയത്.
    ബുധനാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഡെൻമാർക്  നേരിടുക. രണ്ടാമത്തെ സെമി ഫൈനലിൽ  ഹാരി കെയിന്റെ ആദ്യമായി യൂറോ കപ്പ് നേടുവാൻ ഒരുങ്ങുന്ന    ഇംഗ്ലണ്ടിന്റെ പ്രയാണം സെമി ഫൈനലിൽ തളക്കുവാൻ ഡെൻമാർക്കിന്
കഴിയുമോ ? കഴിഞ്ഞ മൽസരങ്ങളിലെപ്പോലെ ആവേശകരമായ സെമി ഫൈനൽ നമുക്കു പ്രതീക്ഷിക്കാം

എൻ . എസ് .  വിജയകുമാർ

 

Foto
Foto

Comments

leave a reply

Related News