Foto

ഉള്‍കാഴ്ച ഉണ്ടാകേണ്ട നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 37 ) 

ജോബി ബേബി,

യേശു ദൈവപുത്രനാണെന്ന് ആധികാരികമായി ഉറപ്പിച്ചു പറയുവാന്‍ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തില്‍ ഉപയോഗിക്കുന്ന ഏഴ് അടയാളങ്ങളില്‍ ആറാമത്തേത് ആണ് പിറവിയിലേ കുരുടനായവന് കാഴ്ച ലഭിക്കുന്ന സംഭവം.കാനാവിലെ കല്യാണ വീട്ടില്‍ തുടങ്ങി ബഥനിയിലെ മരണ വീട്ടില്‍ അവസാനിക്കുന്ന അടയാളങ്ങളില്‍ ആറാമത്തേത്.ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നുവെന്ന് ഈ ഭാഗം വെളിപ്പെടുത്തുന്നു.മണ്ണും ഉമിനീരും ചേര്‍ന്ന മിശ്രിതം മാനവരാശിയുടെ വെളിച്ചം നിറഞ്ഞ പുതുസൃഷ്ടിയെ കുറിക്കുന്നു.ശീലോഹോമിലേക്കുള്ള യാത്ര പിതാവിനാല്‍ അയയ്ക്കപ്പെട്ട ക്രിസ്തുവിന്റെ സൗഖ്യദായകതത്വത്തെ സൂചിപ്പിക്കുന്നു.''ശീലോഹോം''എന്നാല്‍ അയയ്ക്കപ്പെട്ടത് എന്നര്‍ത്ഥം.ജന്മനാ കുരുടനായവനാണ് കാഴ്ച ലഭിച്ചത്.അതുള്‍ക്കൊള്ളാനാകാത്തവിധം മുന്‍വിധികളാല്‍ അന്ധരായ പുരോഹിതന്മാരും അവിടെയുണ്ട്.അവരിങ്ങനെ തുടര്‍ച്ചയായി അവനെ വിചാരണ ചെയ്യ്തു.എന്നാല്‍ അതിനെ അതിജീവിക്കുന്ന ആ കാഴ്ച ലഭിച്ചവന്‍ സകലവിശ്വാസികള്‍ക്കും എക്കാലത്തെയും മാതൃകയാണ്.''Many people don't bear witness to Christ because they fear they will be asked questions they can't answer'.എന്നാല്‍ ഇവിടെ ആ അന്ധനായ മനുഷ്യന്‍ അവന്‍ അറിയാന്‍പാടില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ സമ്മതിക്കുന്നു.പക്ഷേ അറിഞ്ഞതിനെ മുറുകെ പിടിക്കുന്നു.ക്രിസ്തുവിനെ അറിയാത്തവനാണ് അയാളാദ്യം.എന്നാല്‍ ഈ സംഭവത്തിന്റെ മധ്യഭാഗത്തേക്ക് എത്തുമ്പോള്‍ അവന്‍ ദൈവത്തില്‍നിന്നുള്ളവനാണെന്നു ഗ്രഹിച്ചു അത് പരീശരോട് ഉറപ്പിച്ചു പറയുന്നത് നമ്മുക്ക് കാണാം.അവസാനമെത്തുമ്പോഴും നീ ദൈവപുത്രനെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞു അവനെ നമസ്‌കരിക്കുകയും ചെയ്യുന്നു.അജ്ഞാന അന്ധകാരത്തില്‍ നിന്നും വിജ്ഞാന ദ്വിതിയിലേക്കുള്ള ഈ പരിവര്‍ത്തനമാണ് പ്രിയമുള്ളവരേ കാഴ്ചയുള്ളവരെന്ന് പറയുന്ന നമ്മുടെ വിശ്വാസ ജീവിതത്തില്‍ ഇനിയും സംഭവിക്കേണ്ട വെളിച്ചത്തിന്റെ ഉത്സവം.അല്ലാത്ത പക്ഷം യേശുവിന്റെ വാക്കുകള്‍ മറക്കേണ്ട,''നിങ്ങള്‍ കുരുടര്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പാപം ഇല്ലായിരുന്നു.എന്നാല്‍ നിങ്ങള്‍ കാണുന്നുവെന്ന് പറയുന്നത് കൊണ്ട് നിങ്ങളുടെ പാപം നില്‍ക്കുന്നു'' എന്നാണ് അവന്‍ പറഞ്ഞുവച്ചിട്ടുള്ളത്.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...  


 

Comments

leave a reply